അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും
കാസർകോട്: അഞ്ചുദിവസം മുമ്പ് ബായാർപദവിലെ ഡ്രൈവർ മുഹമ്മദ് ആസിഫിനെ (27) സ്വന്തം ടിപ്പർ ലോറിക്കരികിലായി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ആഷിഫിന്റെ ഉമ്മ സക്കീന മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ കേസ് അന്വേഷണം കാസർകോട് ജില്ലാ ക്രൈംബാഞ്ചിന് വിട്ടത്. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ടിപ്പർ ലോറിയും പരിസരവും പരിശോധിച്ചു.
ഈ ലോറി ഫോറൻസിക് വിദഗ്ധർ പരിശോധിക്കും. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ സംഭവസ്ഥലം സന്ദർശിച്ച് മരണത്തിന്റെ സാഹചര്യം ഉറപ്പുവരുത്തും. ക്രൈംബ്രാഞ്ച് ആസിഫിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും.
വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെ കയർക്കട്ട ധർമ്മടം എന്ന സ്ഥലത്താണ് പുലർച്ചെ ഒന്നരയോടെ ടിപ്പർ ലോറിക്ക് സമീപം റോഡരികിൽ ആസിഫിന്റെ മൃതദേഹം കണ്ടത്. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചത്.
മൃതദേഹത്തിന് സമീപം മുളവടി
മൃതദേഹത്തിന് സമീപത്ത് പൊലീസിന്റെ ലാത്തിപോലെയുള്ള ഒരു മുളവടി കണ്ടെത്തിയിരുന്നു. ലോറിക്കകത്ത് രക്തം ഛർദ്ദിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇരുകാലുകളിലും അടിയേറ്റ പാടുകളുണ്ട് . തലമുടിയും പിടിച്ചുപറിച്ചതു പോലെയാണ് ഉണ്ടായിരുന്നത്. കണ്ടെടുത്ത മുളവടി പകുതിയോളം തകർന്ന നിലയിലാണെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. പൊക്കിൾ ഭാഗത്ത് വടി കൊണ്ട് കുത്തിയതു പോലുള്ള പരിക്ക് കണ്ടെത്തിയിരുന്നു. അനധികൃത മണൽകടത്ത് പതിവായ പ്രദേശത്ത് രാത്രി കാല പരിശോധനയ്ക്ക് എത്തുന്ന പൊലീസുകാരിലേക്കാണ് നാട്ടുകാരും ബന്ധുക്കളും സംശയമുന നീട്ടുന്നത്. മകന്റെ ശരീരത്തിൽ പല ഭാഗത്തായി ലാത്തി കൊണ്ട് അടിയേറ്റ പാടുകളുണ്ടെന്നും തകർന്ന മുളവടി കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണ് മാതാവ് സക്കീന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്.
സി.സി.ടി.വി ഹാർഡ് ഡിസ്‌ക്കുകൾ കസ്റ്റഡിയിൽ
ബായാർ പദവിലെ ആസിഫിന്റെ മരണവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ മൂന്ന് ഹാർഡ് ഡിസ്കുകൾ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിലെടുത്തു. ബായാർ സൊസൈറ്റി ബാങ്ക്, പെട്രോൾ പമ്പ്, ഡ്രൈവിംഗ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളുടെ ഹാർഡ് ഡിസ്‌കുകളാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഈ സ്ഥലങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ നാട്ടുകാർ പരിശോധിച്ചപ്പോൾ ചില പ്രധാനപ്പെട്ട ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ഡിസ്‌ക്കുകൾ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് ഡിസ്‌ക്കുകൾ കൈമാറിയിട്ടുണ്ട്. പോസ്റ്റുമോർട്ടം പരിശോധനയിൽ ഇടുപ്പെല്ല് തകർന്നതാണ് മരണകാരണമെന്നാണ് കണ്ടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |