നിങ്ങളോട് ആര് പറഞ്ഞു റാവുത്തറുടെ അടുത്ത് എന്നെപ്പറ്റി ചോദിക്കാൻ? സിദ്ധിഖ് ലാൽ രചനയും സംവിധാനവും നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രം വിയറ്റ്നാം കോളനിയിൽ റാവുത്തറായി പകർന്നാടിയ രാജ്കുമാറെന്ന വിജയ്‌ദേവ രാജയുടെ ഇൻട്രൊഡക്ഷൻ സീൻ അതായിരുന്നു. പട്ടാളം മാധവിയമ്മയെയും മകൾ ഉണ്ണിമോളെയും കൃഷ്ണമൂർത്തിയെയും തോമസിനെയും മാത്രമല്ല വിയറ്റ്നാം കോളനി മുഴുവൻ വിറപ്പിച്ച വില്ലൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുക തന്നെ ചെയ്തു.
മലയാളത്തിലേക്ക് സിദ്ധിഖ് ലാലിന്റെ കണ്ടെത്തലായിരുന്നു രാജ്കുമാർ. മലയാള സിനിമയിൽ അഭിനയിക്കാൻ കാത്തിരുന്നപ്പോഴായിരുന്നു സിദ്ധിഖും ലാലും വിളിക്കുന്നത്. തെലുങ്കിൽ നിരവധി ചിത്രങ്ങളിൽ തിളങ്ങിയ രാജ്കുമാർ മലയാളത്തിലേക്കുള്ള വരവ് ഗംഭീരമാക്കി മാറ്റി. വിയറ്റ്നാം കോളനിയുടെ ആണിക്കല്ല് യഥാർത്ഥത്തിൽ റാവുത്തർ തന്നെയായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച കൃഷ്ണമൂർത്തിയും ഇന്നസെന്റിന്റെ കെ.കെ ജോസഫും റാവുത്തറുടെ മുന്നിൽ ശരിക്കും പതറി. വിയറ്റ്നാം കോളനിയെ ഒഴിപ്പിക്കാൻ വന്നവാരാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് റാവുത്തറും അറിഞ്ഞിരുന്നില്ല. തെന്നിന്ത്യൻ സിനിമയിൽ നിരവധി കഥാപാത്രങ്ങളെ പകർന്നാടിയ രാജ്കുമാർ ഹൈദരാബാദിൽ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വിയറ്റ്നാം കോളനിയിലെ പ്രതിനായകൻ മലയാളത്തിൽ ഇതുവരെ കാണാത്ത മുഖം വേണമെന്ന് സിദ്ധിഖിന്റെയും ലാലിന്റെയും തീരുമാനം ആയിരുന്നു. റാവുത്തറിലൂടെയായിരുന്നു സിനിമയുടെ കഥ നിൽക്കുന്നത് തന്നെ. മലയാളി ഇതുവരെ കാണാത്ത രൂപഭാവത്തിലുള്ള വില്ലൻ വേഷം ശക്തമാക്കി മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ അടയാളപ്പെടുത്തി. പച്ചക്കുപ്പായവും ചുവന്ന കണ്ണുകളും രൗദ്ര ഭാവവും നിറഞ്ഞാടിയ രാവുത്തർക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം പിന്നീട് മലയാളത്തിൽ നിന്ന് രാജ്കുമാറിനെ തേടി എത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |