തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശികളുടെ ബന്ധുക്കളെ കണ്ടെത്താനാകാതെ പൊലീസ്.ഇവർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയതുപോലെ അനാഥരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഹോട്ടൽമുറിയിൽ ആത്മഹത്യ ചെയ്ത ദക്തായി കോന്തിബ ബമൻ (48),മുക്ത കോന്തിബ ബമൻ (45) എന്നിവരുടെ ബന്ധുക്കളെയാണ് കണ്ടെത്താനാകാത്തത്.
മുറിയിൽ നിന്ന് കണ്ടെത്തിയ പഴയ മോഡൽ ലാപ്ടോപ്പിലും മൊബൈൽ ഫോണിലും കാര്യമായ വിവരങ്ങളില്ല. മൊബൈൽ ഫോണിന്റെ കാൾ ഡേറ്റ എടുത്തപ്പോൾ കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നു കാളുകൾ മാത്രമാണ് ഈ നമ്പരിൽ വന്നത്. അതിൽ 30സെക്കൻഡ് ദൈർഘ്യമുള്ള നമ്പർ പൂനെയിലെ ശിക്രപൂരിലുള്ള ലോഡ്ജിന്റെ കെയർ ടേക്കർ സിദ്ധാർത്ഥ റൗഡയുടേതായിരുന്നു. തമ്പാനൂർ പൊലീസ് സിദ്ധാർത്ഥയുമായി ബന്ധപ്പെട്ടപ്പോൾ ആറുമാസം മുമ്പാണ് ഇവർ തുച്ഛമായ വാടകയ്ക്ക് അവിടെ താമസത്തിനെത്തിയതെന്നും, സഹോദരങ്ങളാണെന്നാണ് പറഞ്ഞതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
വാടകയും മുടക്കമായി. മുറിയിൽ നിന്ന് അപൂർവമായി മാത്രമേ പുറത്ത് പോകാറുള്ളൂ. ജോലിയൊന്നും ലഭിക്കുന്നില്ലെന്നും അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നതായും സിദ്ധാർത്ഥ് പൊലീസിനോട് വിശദീകരിച്ചു.
ഇവരെ അന്വേഷിച്ച് ആരും ആറുമാസത്തിനിടെ വന്നിട്ടില്ലെന്നും ഇയാൾ പറഞ്ഞു.
ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.വിശദമായ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇത് സൂക്ഷിക്കും.ബന്ധുക്കളെ കണ്ടെത്തിയാൽ കൈമാറും.അല്ലെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്കരിക്കും.
ഇക്കഴിഞ്ഞ 17നാണ് ഇവർ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. അതിനുമുമ്പ് ഇവർ കേരളത്തിലെത്തിയോ എവിടെയെങ്കിലും താമസിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ തമ്പാനൂർ പൊലീസ് സ്റ്റേഷന് എതിർവശമുള്ള ഹോട്ടലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |