@ ആശുപത്രി സൂപ്രണ്ട് ആരോഗ്യമന്ത്രിയുമായി ചർച്ച
കോഴിക്കോട്: പത്ത് ദിവസം പിന്നിട്ട ഗവ. മെഡിക്കൽ കോളേജിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരമായില്ല. 90 കോടി
കുടിശ്ശികയെ തുടർന്ന് കമ്പനികൾ വിതരണം നിറുത്തിയതാണ് മരുന്ന് ക്ഷാമം രൂക്ഷമാക്കിയത്. അതിനിടെ മെഡിക്കൽ കോളേജിൽ എം.കെ. രാഘവൻ എം.പി ഉപവാസം നടത്തിയതോടെ വിഷയത്തിന് രാഷ്ട്രീയംമാനം കൈവന്നു. രാഷ്ട്രീയ സാഹചര്യം മുന്നിൽ കണ്ട് പ്രശ്‌നപരിഹാരത്തിനായി ആരോഗ്യമന്ത്രിയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ചർച്ച നടത്തി. വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചതായി പി.മോഹനൻ പറഞ്ഞു.
പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും കുടിശ്ശിക നൽകാൻ നടപടിയാകാതെ എന്തുചെയ്യുമെന്നാണ് മരുന്നു കമ്പനികളും സമരക്കാരും രോഗികളും ചോദിക്കുന്നത്. അവശ്യ മരുന്നുകൾ വരെ മെഡിക്കൽ കോളേജിലെ ന്യായവില ഷോപ്പിൽ നിന്ന് കിട്ടുന്നില്ലെന്നാണ് രോഗികളുടെ പരാതി. അതിനിടെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.പി.ശ്രീജയൻ ഇന്നലെ വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോർജുമായി ചർച്ചനടത്തി.
@ മരുന്ന് ക്ഷാമത്തിൽ ഇടപെടും: സി.പി.എം
ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ രോഗികളെത്തുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. അടുത്തിടെ ചികിത്സാ സൗകര്യം വർദ്ധിപ്പിച്ചതതോടെ മറ്റ് ജില്ലകളിൽ നിന്ന് കൂടുതൽ രോഗികളെത്താൻ തുടങ്ങിയത് ചെലവ് വർദ്ധിക്കാനിടയാക്കി. ഇവിടെ താത്കാലിക ജീവനക്കാരും മറ്റും കൂടുതലായതിനാൽ ആശുപത്രി വികസന സമിതിക്ക് മറ്റ് മെഡിക്കൽ കോളേജുകളിലേതുപോലെ തുക ചെലവാക്കാനാകില്ല. ഇൻഷ്വറൻസ് ഇനത്തിലുളള കേന്ദ്രവിഹിതം കിട്ടുന്നുമില്ല. ഇത്തരം പ്രശ്‌നങ്ങൾ എങ്ങനെ പരിഹാരിക്കാമെന്നാണ് ആലോചിക്കുന്നതെന്നും പി.മോഹനൻ പറഞ്ഞു. മെഡിക്കൽ കോളേജ് അധികൃതർ ആരോഗ്യമന്ത്രിയുമായി ഇന്നോ നാളെയോ തിരുവനന്തപുരത്ത് നേരിട്ടുള്ള ചർച്ച നടത്തുമെന്നാണ് വിവരം.
@ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ
മന്ത്രിയെ തടയും: കോൺഗ്രസ്
മെഡിക്കൽ കോളേജിലെ മരുന്നുപ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്. പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആരോഗ്യമന്ത്രി ജില്ലയിലെത്തിയാൽ വഴിതടയാനും ആലോചിക്കുന്നുണ്ട്. മരുന്നു പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി നടത്തിയ 24 മണിക്കൂർ ഉപവാസം ഇന്നലെ രാവിലെ എഴുത്തുകാരൻ യു.കെ. കുമാരൻ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, കോൺഗ്രസ് നേതാക്കളായ പി.എം. നിയാസ്, ദിനേശ് പെരുമണ്ണ തുടങ്ങിയവർ പങ്കെടുത്തു.
ഏപ്രിൽ മുതലുള്ള കുടിശ്ശികയിൽ ഒന്നര മാസത്തേത് മാത്രമാണ് കിട്ടിയത്. സെപ്തംബർ വരെയുള്ളതെങ്കിലും നൽകിയാലേ വിതരണം പുനരാരംഭിക്കൂ' ടി.പി. കൃഷ്ണൻ, ജില്ലാ പ്രസിഡന്റ്, ഓൾ കേരള കെമിസ്റ്റസ് ആന്റ് ഡ്രഗിസ്റ്റ് അസോ.
'150 അവശ്യ മരുന്നുകൾ കാരുണ്യ ഫാർമസി വഴി നൽകാൻ തീരുമാനിച്ചതായും ഇതിൽ 50 മരുന്നുകൾ ഫാർമസിയിൽ എത്തിച്ചു. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രശ്‌നപരിഹാരം ഉടനുണ്ടാവും'. ഡോ.എം.പി.ശ്രീജയൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |