കുളത്തൂർ: ദേശീയപാത 66ൽ കുളത്തൂർ ഗുരു നഗർ ഇൻഫോസിസിന് സമീപം ഓടയ്ക്കുമേൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് രണ്ട് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോൺട്രാക്ടർക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഓടയുടെ മേൽമൂടി നിർമ്മാണത്തിന് കരാറെടുത്ത തമിഴ്നാട് സ്വദേശിയായ കരാറുകാരനെതിരെയാണ് കേസ്.
സംഭവത്തെ തുടർന്ന് കേരളകൗമുദിയിൽ 'വാരിക്കുഴികൾ തീർത്ത് ദേശീയപാത ഓടകൾ' എന്ന തലക്കെട്ടോടെ വാർത്ത നൽകിയിരുന്നു. ജനുവരി 11നാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരായ വാമനപുരം ആനച്ചൽ ഗവ. യു.പി.എസിന് സമീപം ശാലിനി നിവാസിൽ രതീഷ് (29), കിളിമാനൂർ പുളിമാത്ത് ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപം ലക്ഷം വീട്ടിൽ സജി (44) എന്നിവർ ജോലി കഴിഞ്ഞ് സമീപത്തെ എ.ടി.എമ്മിൽ നിന്ന് ക്യാഷ് എടുത്ത് തിരിച്ച് ഓടയ്ക്ക് മുകളിലൂടെ നടന്നുവരവെയാണ് അപകടം. അപകടത്തിൽ രതീഷിന്റെ ഇടതുകാൽ ഒടിയുകയും സജിയുടെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |