സെബാസ്റ്റ്യൻ സേവ്യറിനെ ദേശീയ ഗെയിംസ് കേരള സംഘത്തലവനായി പ്രഖ്യാപിച്ച് ഒളിമ്പിക് അസോസിയേഷൻ
കേരള സംഘത്തെ കെ.സി ലേഖ നയിക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ
വോളിബാളിലും ഹാൻഡ്ബാളിലും മത്സരിക്കാനായി രണ്ട് ടീമുകൾ വീതം
തിരുവനന്തപുരം : ഉത്തരാഖണ്ഡിൽ ഈ മാസം 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളത്തിന്റെ തയ്യാറെടുപ്പിലെ താളപ്പിഴകൾക്ക് തെളിവായി വ്യത്യസ്ത സംഘത്തലവന്മാരെ പ്രഖ്യാപിച്ച് കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന സ്പോർട്സ് കൗൺസിലും. അസോസിയേഷൻ തർക്കങ്ങൾ നിലനിൽക്കുന്ന വോളിബാളിലും ഹാൻഡ്ബാളിലും ഇരു സംഘടനകളും വ്യത്യസ്ത കേരള ടീമുകളെ പ്രഖ്യാപിച്ചതും കളിക്കാരെ ധർമ്മസങ്കടത്തിലാക്കിയിട്ടുണ്ട്. ആരാണ് കേരളത്തെ പ്രതിനിധീകരിക്കാൻ പോകുന്നതെന്നറിയാതെ രണ്ട് ടീമുകളും പരിശീലന ക്യാമ്പിലാണ്.
ദേശീയ ഗെയിംസിൽ കേരളത്തിന്റെ ചെഫ് ഡി മിഷനായി(സംഘത്തലവൻ) ഒളിമ്പിക് അസോസിയേഷൻ കഴിഞ്ഞ ദിവസം മുൻ അന്താരാഷ്ട്ര നീന്തൽതാരം സെബാസ്റ്റ്യൻ സേവ്യറെ പ്രഖ്യാപിച്ചിരുന്നു. ഡെപ്യൂട്ടി ചെഫ് ഡി മിഷനായി സുഭാഷ് ജോർജ്, വിജു വർമ്മ എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിക്കാൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയാണ് കേരളത്തിന്റെ ചെഫ് ഡി മിഷൻ മുൻ ലോക ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡെപ്യൂട്ടി ചെഫ് ഡി മിഷൻ തീരുമാനിച്ചിട്ടില്ലെന്നും ഷറഫലി പറഞ്ഞു.ഇതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്.
കളിക്കാരുടെ രജിസ്ട്രേഷൻ ഒളിമ്പിക്
അസോസിയേഷന്റെ ചുമതല
കേരളത്തിന്റെ കളിക്കാരുടേയും ഒഫിഷ്യൽസിന്റേയും രജിസ്ട്രേഷൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ വെബ്സൈറ്റിൽ നടത്തേണ്ടുന്ന ചുമതല കേരള ഒളിമ്പിക് അസോസിയേഷനാണ്. ഇതനുസരിച്ച് ചെഫ് ഡി മിഷനായി സെബാസ്റ്റ്യൻ സേവ്യറുടേയും ഉപതലവന്മാരായി സുഭാഷ് ജോർജ്, വിജു വർമ്മ എന്നിവരുടെയും പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സംഘാടകസമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സെബാസ്റ്റ്യൻ സേവ്യറിന്റെ വ്യക്തിപരമായ അസൗകര്യം കാരണം സുഭാഷ് ജോർജ് പങ്കെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിലും ലേഖയുടെ പേര് സ്പോർട്സ് കൗൺസിൽ ചെഫ് ഡി മിഷൻ സ്ഥാനത്തേക്ക് അറിയിച്ചിരുന്നെങ്കിലും ഒളിമ്പിക് അസോസിയഷൻ നിയമിച്ച മൊയ്തീൻ നൈനയാണ് ആ സ്ഥാനം വഹിച്ചത്.
ക്യാമ്പ് കൗൺസിലിന്റെ ചുമതല
ദേശീയ ഗെയിംസിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പ് നടത്തൽ, കിറ്റ്,പരിശീലന ഉപകരണങ്ങൾ എന്നിവ നൽകൽ,യാത്രാ ഒരുക്കൽ എന്നിവയാണ് സ്പോർട്സ് കൗൺസിലിന്റെ ചുമതല.
കണക്കിലും വ്യത്യാസം
കേരളത്തെ പ്രതിനിധീകരിച്ച് 479 കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് ഷറഫലി ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ ഒളിമ്പിക് അസോസിയേഷൻ കണക്കുപ്രകാരം 445 കായികതാരങ്ങളും 129ഒഫിഷ്യൽസുമാണ് പങ്കെടുക്കുക. ഒഫിഷ്യൽസിന്റെ കണക്കിൽ മാറ്റം വരാമെങ്കിലും താരങ്ങളുടെ രജിസ്ട്രേഷൻ അവസാനിച്ചതിനാൽ ആ എണ്ണിൽ മാറ്റമുണ്ടായേക്കില്ല. കൗൺസിലിന്റെ കണക്കുപ്രകാരം അത്‌ലറ്റിക്സിൽ 47 പേരുള്ളപ്പോൾ ഒളിമ്പിക് അസോസിയേഷന്റെ ലിസ്റ്റിൽ അത്‌ലറ്റിക്സിൽ 52 താരങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |