വിഴിഞ്ഞം: സഞ്ചാരികളുടെ മനം നിറച്ച് ആഴിമല തീരം. പ്രകൃതി കനിഞ്ഞുനൽകിയ തീരസൗന്ദര്യം പൂർണതോതിൽ ആസ്വദിക്കാനും തിരകളുടെ കുളിർമയിൽ കടൽക്കാറ്റേറ്റ് നടക്കാനുമുള്ള അവസരമൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് ആഴിമല കടൽത്തീരം. ഉത്തരേന്ത്യൻ സഞ്ചാരികളുടെ പ്രധാന തീർത്ഥാടന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഴിമല ക്ഷേത്രമുൾപ്പെടുന്ന തീരം.നിരവധി സിനിമകളും ബീച്ചിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഇടത്താവളം
ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ ഇടത്താവളമായി മാറുകയാണ് ആഴിമല. ക്ഷേത്രദർശനവും കടൽക്കുളിയും സാദ്ധ്യമാണ്. ഇവർക്കായി ക്ഷേത്രപരിസരത്ത് പ്രാഥമികാവശ്യങ്ങൾക്കും വസ്ത്രം മാറുന്നതിനും ക്ഷേത്ര ഭരണസമിതി സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ്, ഹോട്ടൽ സൗകര്യം എന്നിവയുമുണ്ട്. തീരത്തിനോടു ചേർന്ന് പത്തോളം വൻകിട ഹോട്ടലുകളുമുണ്ട്.
ഗംഗാധരേശ്വര പ്രതിമ
58 അടി ഉയരത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയാണ് ഇവിടെ പ്രധാന ആകർഷണം. ജാതിമത ഭേദമെന്യേ ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ഇവിടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കിയാൽ ടൂറിസം ഭൂപടത്തിൽ കോവളത്തിനൊപ്പം ആഴിമലയും അടിമലത്തുറ കടൽത്തീരവും ഉൾപ്പെടും.
അപകടമൊളിപ്പിച്ച് പാറക്കെട്ടുകൾ
ആഴിമലയ്ക്ക് സമീപത്തെ കടലിൽ നിരവധി ജീവനുകളാണ് തിര കവർന്നത്. ആവശ്യത്തിന് ലൈഫ് ഗാർഡുകളോ സംരക്ഷണ വേലികളോ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്നവർ അപകടത്തിൽപ്പെട്ടാൽ അറിയാൻ വൈകുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് താമസം നേരിടും. കൂട്ടമായെത്തുന്ന യുവാക്കളുടെ സംഘമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
മറ്റിടങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർക്ക് കടലിന്റെയോ അപകടസാദ്ധ്യതയേറിയ സ്ഥലത്തെക്കുറിച്ചോ അറിയാനാകില്ല. പാറകൾക്ക് വഴുക്കൽ ഉള്ളതറിയാതെ പാറകളിൽ കയറുന്നതാണ് അപകടത്തിന് കാരണമാകുന്നത്. വിശാലമായ തെങ്ങിൻതോപ്പും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ സുരക്ഷാവേലി നിർമ്മിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
ലൈഫ് ഗാർഡുകളുടെ
എണ്ണം വർദ്ധിപ്പിക്കണം
നിലവിലുള്ള ലൈഫ്‌ഗാർഡുകളുടെ എണ്ണം കുറവാണ്. പൊലീസ് ഉണ്ടെങ്കിലും തിരക്ക് കൂടുമ്പോൾ നിയന്ത്രണം അസാദ്ധ്യമാണ്. സുരക്ഷാബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണ്ടതുണ്ട്.
അടിമലത്തുറയിൽ സാദ്ധ്യതകളേറെ
അടിമലത്തുറ ബീച്ചിൽ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാദ്ധ്യത പരിശോധിച്ച് നവീകരണം നടത്താൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പദ്ധതി തയ്യാറാകുന്നതോടൊപ്പം അടിമലത്തുറ ബീച്ചും നവീകരിക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ നിലവാരം ഉയർത്താനാകുന്ന തരത്തിലുള്ള ഡിസൈൻ തയ്യാറാക്കാനായിരുന്നു പദ്ധതി. പദ്ധതിക്ക് രൂപം നൽകുമ്പോൾ സംസ്ഥാനത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന തരത്തിൽ തയ്യാറാക്കണമെന്നാണ് മന്ത്രി അധികൃതരോട് നിർ ദ്ദേശിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |