പുനലൂർ: അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിൽ കടുവയുടെ ജഡം കണ്ടെത്തി. അച്ചൻകോവിലിലെ കല്ലാർ റേഞ്ചിലെ കോടമല വനത്തിനുള്ളിലാണ് 13വയസ് പ്രായം തോന്നിക്കുന്ന ആൺ കടുവയുടെ അഴുകിയ ജഡം വനപാലകർ കണ്ടെത്തിയത്. പട്രോളിംഗിന് ഇറങ്ങിയ വനപാലകർ സമീപത്ത് ദുർഗന്ധം വമിക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന ജഡം കണ്ടെത്തിയത്.
തുടർന്ന് റേഞ്ച് ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇന്നലെ വിദഗ്ദ്ധ മൃഗഡോക്ടറൻമാർ വനത്തിലെത്തി പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ജഡം വനത്തിനിളളിൽ സംസ്ക്കരിച്ചു.പോസ്റ്റുമോർട്ടത്തിനിടെ കടുവായുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനകൾക്ക് ലാബിൽ അടച്ചതായി വനപാലകർ പറഞ്ഞു.കടുവയുടെ ശരീരത്ത് മുറിവുകൾ ഒന്നും ഇല്ലാത്തത് കാരണം സ്വാഭാവിക മരണമാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 31ന് ഇതിന് സമീപത്ത് 14വയസുള്ള പെൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |