തിരുവനന്തപുരം: 'നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞു." വിധിയറിഞ്ഞശേഷം കോടതിക്ക് പുറത്തെത്തിയ ഷാരോണിന്റെ അമ്മ പ്രിയ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വധശിക്ഷ കോടതി വിധിച്ചപ്പോൾ നിസംഗഭാവത്തിലാണ് ഗ്രീഷ്മ നിന്നത്. 10.30 ആയപ്പോൾത്തന്നെ കോടതി പരിസരം ജനങ്ങളെ കൊണ്ടുനിറഞ്ഞു. ചാനൽ സംഘങ്ങളെ ഗേറ്റിന് പുറത്ത് പൊലീസ് നിയന്ത്രിച്ച് നിറുത്തി.
ഷാരോണിന്റെ അമ്മ, അച്ഛൻ ജയരാജ് എന്നിവർ കോടതി മുറിയുടെ പുറത്തിരുന്നു. അമ്മ കൈയിലെ കൊന്തമാല ജപിച്ചുകൊണ്ടിരുന്നു. 11ന് കോടതിയിലേക്ക് ജഡ്ജി എ.എം.ബഷീർ എത്തി. ആദ്യ കേസ് ഇതായിരുന്നു. പ്രതികളായ ഗ്രീഷ്മയെയും നിർമ്മലകുമാരൻ നായരെയും പൊലീസ് എത്തിച്ചു. ജഡ്ജി മാതാപിതാക്കളെ വിധി കേൾക്കാൻ മുറിയിലേക്ക് വിളിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി ഇടവേളയ്ക്ക് പിരിഞ്ഞു.
ഗ്രീഷ്മയെ കൂകിവിളിച്ച് നാട്ടുകാർ
ജയിലിലേക്ക് പോകാൻ പുറത്തിറങ്ങിയ ഗ്രീഷ്മയ്ക്ക് നാട്ടുകാരുടെ കൂവൽ. കോടതിക്ക് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റിയപ്പോൾ ഗ്രീഷ്മ അസ്വസ്ഥത പ്രകടിപ്പിച്ചു. കോടതി പരിസരത്ത് നിന്ന ചിലർ പുലഭ്യം പറഞ്ഞു. അതിവേഗത്തിൽ ഗ്രീഷ്മയെയും കൊണ്ട് പൊലീസ് വാഹനം അട്ടക്കുളങ്ങര ജയിലിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |