കൊല്ലം: തെരുവ് നായകളുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ത്വരിതപ്പെടുത്താൻ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റിൽ എ.ഡി.എം ജി.നിർമൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ നായകളെ പിടികൂടിയുള്ള വാക്സിനേഷൻ ആരംഭിച്ചു. തെരുവുനായ ശല്യം കൂടുതലായുള്ള നെടുവത്തൂർ, കല്ലുവാതുക്കൽ, തേവലക്കര ഉൾപ്പടെയുള്ള ഹോട്ട്സ്പോട്ടുകളിൽ കുറഞ്ഞത് അഞ്ച് കൂടുകൾ സ്ഥാപിക്കുന്നതിന് നിർദ്ദേശം നൽകി. പട്ടിക്കൂട് ഇല്ലാത്ത പഞ്ചായത്തുകളിൽ താത്കാലികമായി കൊട്ടിയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള കൂടുകൾ നൽകാനും തീരുമാനിച്ചു. പേ ബാധയേറ്റ നായകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ കടിയേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആവശ്യമായ അളവിൽ വാക്സിനേഷൻ ആശുപത്രികളിൽ ലഭ്യമാണെന്നും യോഗത്തിൽ അറിയിച്ചു.
സോപ്പും വെള്ളവും
ഉപയോഗിച്ച് കഴുകുക
മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. ഉടൻ തന്നെ ആശുപത്രികളിൽ വൈദ്യ സഹായം തേടുകയും പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്യുക. പേ വിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
ഒറ്റമൂലിചികിത്സകൾ തേടരുത്
മൃഗങ്ങളുടെ കടിയേറ്റാൽ പരമ്പരാഗത ഒറ്റമൂലിചികിത്സകൾ തേടരുത് മൃഗങ്ങളിൽ നിന്നുണ്ടാകുന്ന ചെറിയ പോറലുകളും മുറിവുകളും അവഗണിക്കരുത്. വളർത്ത് മൃഗങ്ങൾക്ക് യഥാസമയം കുത്തി വയ്പ്പെടുക്കുക. മൃഗങ്ങൾ ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും ശല്യപ്പെടുത്തരുത്. കുത്തിവയ്പ്പെടുത്ത മൃഗം കടിച്ചാലും ഉടനടി വൈദ്യ സഹായം തേടണം. കടിച്ച മൃഗത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്ത് പേ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |