തിരുവനന്തപുരം: അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ നേതാക്കൾ തമ്മിൽ ചർച്ച നടത്തി പാർട്ടി നയം തീരുമാനിക്കാൻ സംസ്ഥാന കേൺഗ്രസിൽ ധാരണ. എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി കൂടും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൂടുതൽ സജീവമാക്കാനും ഞായറാഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചു.
മിഷൻ 2025 ന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കെ.പി.സി.സി ശിൽപശാല സംഘടിപ്പിക്കും. മിഷൻ 2025 ന്റെ ചുമതല വഹിക്കുന്ന നേതാവ്, ഡി.സി.സി പ്രസിഡന്റ്, ജില്ലയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. വിലക്കയറ്റം, വൈദ്യുതി നിരക്ക് വർദ്ധന, റേഷൻ വിതരണ സ്തംഭനം തുടങ്ങിയ ജനകീയ വിഷയങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങളും ഉയർത്തി പ്രക്ഷോഭം നടത്തും.മത്സ്യത്തൊഴിലാളികൾ, മലയോരവാസികൾ, ദളിത് പിന്നാക്ക വിഭാഗം, ന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കും. കോൺഗ്രസും ഘടകകക്ഷികളും വയനാട്ടിലെ ദുരിതബാധിർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണവുമായി മുന്നോട്ട് പോകും. ബി.ജെ.പിയുടെ വെല്ലുവിളിയെ പ്രതിരോധിക്കും. സമൂഹ മാധ്യമത്തിലെ പ്രവർത്തനത്തിന് മാനദണ്ഡം നിശ്ചയിക്കും. സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വത്തിൽ വിഭാഗീയതയും ഭിന്നതയും ഉണ്ടാക്കാൻ ശ്രമിക്കുന്ന പാർട്ടി പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കും. കെ കരുണാകരൻ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് ഒരു ബൂത്തിൽ
നിന്ന് 1000 രൂപ വീതം സമാഹരിക്കും.
കെ.സുധാകരൻ എം .പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സിവേണുഗോപാൽ, ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി മോഹൻ, വി.കെ അറിവഴകൻ, മൻസൂർ അലി ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തലയും ശശി തരൂരും ഓൺലൈനായി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |