തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലുകളിൽ പഴക്കം ചെന്ന മുറിവുകൾ കണ്ടെത്തി. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാകാമെന്നാണ് നിഗമനം. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് മരണകാരണമായോ എന്ന് പറയാനാവില്ല. ഏറെ കാലമായി കിടപ്പിലായിരുന്നു ഗോപൻ. ഇതിന്റെ ഭാഗമായ ചെറിയ മുറിവുകളും,കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിവില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കിട്ടിയാലെ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. ഇത് കൂടെ ലഭിച്ചാലേ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കൂ. കേസിന്റെ പ്രധാന്യം കണക്കിലെടുത്ത് ഫലം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. കോടതി മുഖാന്തരം ഫോറൻസിക് ലാബോറട്ടറി ഡയറക്ടർ,കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി ചീഫ് കെമിക്കൽ എക്നാസാമിനർ,പത്തോളജി വിഭാഗം മേധാവി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. അതിനിടെ അടുത്ത ദിവസങ്ങളിൽ ഗോപൻ സ്വാമിയുടെ ബന്ധുക്കളെ വീണ്ടും ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഗോപൻ സ്വാമിയുടെ മരണത്തിൽ പരാതികൾ ഉയർന്നതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സമാധി പൊളിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തത്. തുടർന്ന് ആചാരപ്രകാരം സമാധി നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |