തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. ഞായറാഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഉയർന്ന ചില അഭിപ്രായഭിന്നതകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ആവശ്യമായ ചർച്ച നടത്താൻ ഹൈക്കമാൻഡ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതൽ നേതാക്കളുമായി ഇന്നും ചർച്ച തുടർന്നേക്കും.
വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ബെന്നിബഹനാൻ തുടങ്ങിയ നേതാക്കളുമായാണ് ആദ്യഘട്ടമായി ആശയവിനിമയം നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് മാറണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയിൽ പല നേതാക്കളും പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷനേതാവിനെതിരെ മറ്റു ചില നേതാക്കൾ ഉയർത്തിയ വിമർശനമാണ് ഹൈക്കമാൻഡ് കൂടുതൽ ഗൗരവമായി കണ്ടത്. പ്രതിപക്ഷ നേതാവിന്റെ ശൈലിയിലാണ് പലരും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത്. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള സ്വരച്ചർച്ചയില്ലായ്മ പലരും ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മാറണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴും പകരം ആരെന്ന ചോദ്യത്തിന് വ്യക്തമായ നിർദ്ദേശം ഉണ്ടായില്ല. കെ.സി ജോസഫിന്റെ പേർ ഉയർന്നു വന്നെങ്കിലും പ്രായത്തിന്റെ തടസമാണ് ഉയർത്തിയത്. സുധാകരനെ പ്രസിഡന്റ് പദവിയിൽ നിന്ന് മാറ്റണമെന്ന് പരോക്ഷ നിലപാട് എടുത്തിരുന്ന പ്രതിപക്ഷ നേതാവിനെതിരെ വിയോജിപ്പ് പ്രകടമായതാണ് പുതിയ ആശയക്കുഴപ്പം. വി.ഡി.സതീശന്റെ ചില അഭിപ്രായങ്ങളെ എ.പി.അനിൽ കുമാർ ചോദ്യം ചെയ്തതും ഇതിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സതീശന് കടുത്ത അതൃപ്തിയുണ്ട്. തനിക്കെതിരായ വിമർശനം ആസൂത്രിതമാണോ എന്ന സംശയം അദ്ദേഹം അടുപ്പക്കാരോട് പങ്കു വച്ചതായും അറിയുന്നു.
സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടാണെന്നുമുള്ള ധ്വനി പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും നൽകാനാണ് ഇരുവരും ഒരുമിച്ച് ഇന്നലെ വാർത്താ സമ്മേളനം നടത്താൻ നേതൃത്വം നിർദ്ദേശം നൽകിയത്. എന്നാൽ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന്റെ അപകടത്തെ തുടർന്നാണ് വാർത്താ സമ്മേളനം മാറ്റിയത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |