ഫസൽ വധക്കേസും വീണ്ടും ചർച്ചയിൽ
കണ്ണൂർ: സി.പി.എം പ്രവർത്തകനായ മകന്റെ കൊലയ്ക്ക് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന പിതാവിന്റെ വെളിപ്പെടുത്തൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. പുന്നോൽ ഉസ്സൻ മൊട്ടയിൽ കൊല്ലപ്പെട്ട യു.കെ. സലീമിന്റെ പിതാവ് കെ.പി. യൂസഫ് കോടതിയിലും മാദ്ധ്യമങ്ങൾക്കും മുന്നിലും നടത്തിയ വെളിപ്പെടുത്തൽ പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും സംഭവത്തിൽ പ്രതിഷേധംശക്തം.
. ഫസൽ വധത്തിലും തുടർ കൊലപാതകങ്ങളിലും പൊലീസ് അന്വേഷണം ശരിയായി നടന്നില്ലെന്നാണ് യൂസഫിന്റെ തുറന്നുപറച്ചിൽ. ഉന്നത നേതാക്കൾ പ്രതിസ്ഥാനത്തുള്ള ഫസൽ വധക്കേസിലേക്ക് വീണ്ടും ചർച്ചകളെത്തുന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. സംഭവ ദിവസം രാത്രി പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചതു കൊണ്ട് പോകുകയാണെന്ന് സലിം പറഞ്ഞുവെന്നാണ് പിതാവിന്റെ മൊഴി. സി.പി.എം.വിട്ട് എൻ.ഡി.എഫിൽ ചേർന്ന ഫസലിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം ആർ.എസ്.എസുകാരാണ് പ്രതികളെന്ന രീതിയിൽ അന്വേഷണം നടന്നെങ്കിലും പിന്നീട് സി.പി.എം നേതാക്കളെയാണ് സിബിഐ അറസ്റ്റു ചെയ്തത്. സലിമിന്റെ പിതാവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം വേണമെന്നും . ഫസൽ വധത്തിനു ശേഷമുണ്ടായ സിപിഎം പ്രവർത്തകരുടെ ദുരൂഹ മരണങ്ങൾ ഒരു പാടു ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും ഡി.സി.സി. അദ്ധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
ഫസൽ വധക്കേസിൽ സി.പി.എം നേതൃത്വത്തിന്റെ ഇടപെടൽ അറിയുന്നവരാണ് ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഫസൽ വധക്കേസിന് ശേഷം ന്യൂ മാഹിയിലെ പഞ്ചാര ഷിനിലും മൂഴിക്കര കുട്ടനും റയീസും കൊല്ലപ്പെട്ടിരുന്നു. ഷിനിലിനെ എടന്നൂരിലെ റെയിൽവേ ട്രാക്കിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അതേ വർഷം തന്നെ മട്ടന്നൂരിൽ സി പി എം ഓഫീസിനടുത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കുട്ടനും കൊല്ലപ്പെട്ടു. സി.പി.എം പ്രവർത്തകനായ റയീസിനെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിനു പിന്നാലെയാണ് യു.കെ സലീം കുത്തേറ്റു മരിച്ചത്. ഈ മരണങ്ങൾക്കെല്ലാം ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്ന സംശയം ഉയരുന്നു. . റയീസിന്റെ മരണ ശേഷം സലീം പുറത്തിറങ്ങാറില്ലെന്നും, ഭയപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നും പിതാവിന്റെ മൊഴിയിലുണ്ട്. 2008 ജൂലായ് 23ന് രാത്രിയാണ് സലീം കൊല്ലപ്പെട്ടത്. എൻ.ഡി.എഫ് പ്രവർത്തകരായ ഏഴു പേരാണ് പ്രതികൾ. ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |