കോട്ടയം : ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ നിന്ന് ആറു മാസം കൊണ്ട് ജീവനക്കാരൻ മോഷ്ടിച്ചത് ഏഴു ലക്ഷം രൂപയുടെ ഇന്ധനം. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ടു വാഹന ഉടമകളും പിടിയിലായി. ജീവനക്കാരൻ രാഹുൽ, അമ്മഞ്ചേരി സ്വദേശി ടിജോ ജോൺ, മറ്റൊരു യുവാവ് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ടെസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കുന്ന പെട്രോൾ ഇയാൾ സുഹ്യത്തുക്കൾക്ക് ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുകയായിരുന്നു.
ഗാന്ധിനഗർ ജംഗ്ഷനിൽ മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നത്. പെട്രോൾ പമ്പിൽ പുലർച്ചെ ടെസ്റ്റിനായി 30 ലിറ്റർ ഇന്ധനം മാറ്റിവയ്‌ക്കാറുണ്ട്. ഇത് പരിശോധനയ്ക്കു ശേഷം തിരികെ ടാങ്കിലേയ്ക്ക് ഒഴിയ്ക്കണമെന്നാണു ചട്ടം. പുലർച്ചെ മൂന്നോടെ രാഹുൽ പമ്പിൽ എത്തിയ ശേഷം ഇന്ധനം ടെസ്റ്റിനായി എടുക്കും. ടെസ്റ്റിനു ശേഷം സി.സി.ടി.വിയ്ക്ക് പുറംതിരിഞ്ഞ് നിന്ന് ഇന്ധനം ടാങ്കിലേയ്ക്ക് ഒഴിക്കുന്നതായി കാണിക്കും. തുടർന്ന് ഇവിടെ എത്തുന്ന ടിജോ ജോണിനടക്കം വാഹനങ്ങളിലായി ഇന്ധനം നിറച്ചു നൽകും. ഇവർക്കെല്ലാം ലിറ്ററിന് 50 രൂപയ്ക്കാണ് ഇന്ധനം നൽകിയിരുന്നത്. സി.സി.ടി.വി ക്യാമറയെ തെറ്റിദ്ധരിപ്പിക്കാൻ എ.ടി.എം കാർഡ് സ്വൈപ്പിംഗ് മെഷീനിൽ ഉരയ്ക്കുന്നതായി കാണിക്കും. സ്വകാര്യ ഫിനാൻസ് ജീവനക്കാരനായ ടിജോ അവിടെ നിന്ന് ടി.എയും എഴുതി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ഇന്ധനം കൈപ്പറ്റിയ കൂടുതലാളുകൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കണക്കിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ പമ്പ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |