കോട്ടയം: മണ്ണറിഞ്ഞ് നിലമൊരുക്കി വെറ്റിലക്കൃഷിയിൽ വിജയഗാഥ രചിച്ച് നെത്തല്ലൂർ പനവയക്കൽ ശശിധരൻ. തടിപ്പണിക്കാരനായിരുന്ന ശശിധരൻ ചെറുപ്പം മുതലേ കൃഷി ചെയ്തിരുന്നു. വാഴ, കപ്പ, പച്ചക്കറികൾ എന്നിവയായിരുന്നു ആദ്യകാലങ്ങളിലെ കൃഷി. പിന്നീട്, വരുമാനമാർഗമെന്ന നിലയിൽ വെറ്റിലക്കൃഷിയിലേക്ക് തിരിഞ്ഞു. വെറ്റില കൃഷിയിൽ നിന്നും മാത്രം ആഴ്ചയിൽ 5,000 രൂപയുടെ വരുമാനമുണ്ട്. 300 ഓളം വെറ്റില നാമ്പുകളാണ് വീട്ടുവളപ്പിലെ നിലത്തിലൊരുക്കിയിരിക്കുന്നത്. എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് പ്രധാന വളങ്ങൾ. എട്ട് ദിവസം കൂടുമ്പോഴാണ് വെറ്റില വിളവെടുപ്പ്. ഒരു വെറ്റിലയ്ക്ക് ഒന്നര രൂപ എന്ന നിരക്കിലാണ് വിൽപ്പന. കറുകച്ചാലിലെ കടയിലേക്ക് മൊത്ത വിൽപ്പനയാണ്.
നാലുപതിറ്റാണ്ട് മുൻപാണ് നെടുംകുന്നം പഞ്ചായത്തിലെ നെത്തല്ലൂരിൽ 50 സെന്റ് സ്ഥലം വാങ്ങിയത്. നിലം ഉൾപ്പെടെയുള്ള സ്ഥലമായിരുന്നതിനാൽ, വീട് വച്ച ശേഷം ബാക്കി ഭാഗത്ത് കൃഷിയിറക്കി. ചതുപ്പ് നിലം വാങ്ങിയതിന് നിരവധി പേർ ആശങ്കകളും പരിഭവങ്ങളും പറഞ്ഞെങ്കിലും ശശിധരൻ വെറ്റില കൃഷിയൊരുക്കി മണ്ണിൽ പൊന്ന് വിളയിച്ചു. അരയേക്കറിൽ നിന്നും ഒന്നരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. തരിശുനിലം ഇന്ന് കാർഷികവിളകളാൽ സമൃദ്ധം. കഴിഞ്ഞ വർഷം പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡും കരസ്ഥമാക്കി. പ്രദേശത്തെ ഏക വെറ്റില കൃഷിക്കാരനുമാണ്.
കൈത്താങ്ങായി ഭാര്യ സുകുമാരി
പണിക്കാരില്ല, ശശിധരന് എല്ലാത്തിനും കൈസഹായിയായി ഒപ്പമുള്ളത് ഭാര്യ സുകുമാരിയാണ്. തരിശുനിലം കൃഷിഭൂമിയാക്കി മാറ്റുന്നതിനായി ചാലു കീറി സമീപത്തെ തോട്ടിൽ നിന്നും വെള്ളമൊഴുകാൻ സൗകര്യമൊരുക്കി. ചിലയിടങ്ങൾ മണ്ണിട്ട് ഉയർത്തി. ഓരോ ഭാഗത്തും ഓരോ കാർഷിക ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. വാഴ, കപ്പ, ഫലഭൂയിഷ്ഠമായ പഴവർഗങ്ങൾ, തെങ്ങ്, മാവ്, ജാതി, എന്നിങ്ങനെ നീളുന്നു ശശിധരന്റെ തോട്ടത്തിലെ ഇനങ്ങൾ. രണ്ട് പെൺമക്കളുടെ പഠനം, വിവാഹം, വീട് നിർമ്മാണം എന്നിവയെല്ലാം ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ശശിധരൻ കണ്ടെത്തിയത്.
പ്രതികൂല കാലാവസ്ഥയിൽ ഇല പഴുത്തു പോകുന്നതും പുഴു, ഒച്ച് എന്നിവയുമാണ് പ്രതിസന്ധി.
ശശിധരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |