കോഴിക്കോട്: പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. അടുത്ത ബന്ധുവിന്റെ നാലുവയസുള്ള മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. തുടർന്നാണ് നടനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടൻ ഹെെക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞവർഷമുണ്ടായ സംഭവത്തിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടിൽ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടിൽ എത്തിയപ്പോൾ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി. സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്.
കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വെെകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്ന് കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |