വാഷിംഗ്ടൺ: 47ാമത് അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ഉത്തരവിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്. 2021ലെ കാപ്പിറ്റോൾ ഹിൽ കലാപത്തിൽ കുറ്റാരോപിതരായ ആളുകൾക്ക് മാപ്പ് നൽകുക, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുക, ടിക് ടോകിന്റെ നിരോധനം 75 ദിവസത്തേയ്ക്ക് ഒഴിവാക്കുക, ബൈഡൻ ഭരണത്തിലെ 78 നടപടികൾ റദ്ദാക്കുക എന്നിവ ട്രംപ് ഒപ്പിട്ട ആദ്യ ഉത്തരവുകളിൽ ഉൾപ്പെടുന്നു.
സത്യപ്രതിജ്ഞാച്ചടങ്ങിനുശേഷം വാഷിംഗ്‌ടണിലെ കാപ്പിറ്റൽ വൺ അരീനയിൽ തന്റെ അനുയായികൾക്ക് മുന്നിലായാണ് എട്ട് ഉത്തരവുകളിൽ ട്രംപ് ഒപ്പിട്ടത്. ഒപ്പിട്ടതിനുശേഷം രേഖകൾ ഉയർത്തിക്കാട്ടുകയും പേന ആർപ്പുവിളിക്കുന്ന പ്രവർത്തകർക്കിടയിലേയ്ക്ക് എറിയുകയും ചെയ്തു. ബാക്കിയുള്ള രേഖകൾ ഓവൽ ഓഫീസിൽവച്ചാണ് ഒപ്പിട്ടത്.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പുറത്തുകടക്കൽ, നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മെക്സിക്കോയുമായുള്ള അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉത്തരവ്, മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുക, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക, മൗണ്ട് മക്കിൻലി, ഗൾഫ് ഒഫ് അമേരിക്ക എന്നിവയുൾപ്പെടെ നിരവധി യുഎസ് ലാൻഡ്‌മാർക്കുകളുടെ പേരുമാറ്റൽ, തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്നവരുടെ യുഎസ് പട്ടികയിൽ ക്യൂബയെ പുനഃസ്ഥാപിക്കൽ, ഹണ്ടർ ബൈഡന്റെ ലാപ്‌ടോപ്പ് കത്തിൽ ഒപ്പിട്ട 51 മുൻ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കൽ തുടങ്ങിയവയും ട്രംപ് ഒപ്പിട്ട ഉത്തരവുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 10.30ന് അമേരിക്കൻ കോൺഗ്രസ് ചേരുന്ന കാപ്പിറ്റോളിനുള്ളിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി ജെ.ഡി. വാൻസും അധികാരമേറ്റു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ് എന്നിവരുൾപ്പെടെ ലോകനേതാക്കൾ ചടങ്ങിന് സാക്ഷിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |