ചെന്നൈ: ഗോമൂത്രത്തിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന പരാമര്‍ശത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ ന്യായീകരണവുമായി ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടി. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും വേണമെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 15ന് ചെന്നൈയിൽ നടന്ന 'ഗോ സംരക്ഷണശാല' പരിപാടിയിൽ വച്ചാണ് കാമകോടി ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരു സന്യാസി തന്നോട് ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പണ്ട് ഗോമൂത്രം കുടിച്ച് തന്റെ അച്ഛന്റെ പനി അതിവേഗം മാറിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളെക്കുറിച്ച് ഉറപ്പുനൽകുന്ന അഞ്ച് ശാസ്ത്രീയ പ്രബന്ധങ്ങളെങ്കിലും ഉണ്ടെന്ന് പ്രൊഫസർ കാമകോടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
2020 ഏപ്രിൽ - ജൂൺ മാസങ്ങളിലെ ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ ഗോമൂത്രത്തെക്കുറിച്ചുള്ള ഒരു അവലോകനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ' ആമസോണ്‍ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിലടക്കം ഇതിന്റെ ഗുണങ്ങളെക്കുറിച്ചാണ് പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്. ഇത് സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്ക് തയാറാണെന്നും', കാമകോടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |