തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെയാണ് (30) ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് വീടിനടുത്തുളള ക്ഷേത്രത്തിലെ പൂജാരിയാണ്. ഇയാൾ ക്ഷേത്രത്തിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് മരിച്ചനിലയിൽ ഭാര്യയെ കണ്ടത്. ഉടൻ തന്നെ ഭർത്താവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയായ യുവാവുമായി ആതിര സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഈ യുവാവിനെ കഴിഞ്ഞ രണ്ട് ദിവസമായി യുവതിയുടെ വീട്ടുപരിസരത്ത് കണ്ടിരുന്നതായും വിവരമുണ്ട്.കൊലപാതകത്തിന് പിന്നിൽ സുഹൃത്തായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനായുളള തിരച്ചിൽ നടക്കുന്നുണ്ട്. ആതിരയുടെ സ്കൂട്ടറും കാണാതായിട്ടുണ്ട്.
കണ്ണൂരിൽ അമ്മയെയും മകനെയും വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ മാലൂരിൽ അമ്മയെയും മകനെയും വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം. നിട്ടാറമ്പ് സ്വദേശി നിർമല (62) മകൻ സുമേഷുമാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇരുവരെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയ ആശാ പ്രവർത്തകരാണ് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചത്. സുമേഷിനെ കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടത്തിയത്.
എറണാകുളം കോലഞ്ചേരിയിലും ഇന്ന് രാവിലെ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് (33)മരിച്ചത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |