അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ട്രംപ് അദ്ദേഹത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയതും പിന്നീട് എടുത്തതുമായ തീരുമാനങ്ങൾ എല്ലാം തന്നെ അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലും ട്രംപിന്റെ മേധാവിത്വം വിളിച്ചോതുന്നതാണ്.
കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. അതിർത്തിയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, കുടിയേറ്റത്തിനുള്ള അപേക്ഷകൾ നിറുത്തിവച്ചത് ജനനത്തിലൂടെ അമേരിക്കൻ പൗരത്വം നേടാനുള്ള വിദേശ രാജ്യങ്ങളുടെ അവകാശം പുനഃപരിശോധിക്കൽ എന്നിവ രാജ്യാന്തരബന്ധങ്ങളെ ദോഷകരമായി ബാധിക്കും. പക്ഷേ ഈ തീരുമാനങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തിൽ ട്രംപിന് കൈയടി നേടിക്കൊടുക്കും.
2021 ജനുവരി ആറിലെ കാപ്പിറ്റോൾ ഹിൽ ആക്രമണത്തിൽ കുറ്റക്കാരായ 1600 ൽപരം പേർക്ക് ട്രംപ് നൽകിയ പൊതുമാപ്പ് നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാവുമ്പോൾത്തന്നെ ട്രംപിന്റെ അനുയായികൾക്ക് ഊർജ്ജം പകരും. അമേരിക്കയിൽ ഇനി സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗക്കാർ മാത്രമേയുള്ളൂ എന്ന ട്രംപിന്റെ പ്രഖ്യാപനം ഭിന്നലിംഗക്കാരുടെ വ്യക്തിത്വത്തെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനൊപ്പം മറ്റ് ഉത്തരാധുനിക സ്വത്വബോധം പുലർത്തുന്നവർക്കും ഭീഷണിയാണ്. വംശീയസമത്വം നിരാകരിക്കുന്ന നിലപാടും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറാനുള്ള തീരുമാനം കൊവിഡ് കാലത്തെടുത്ത തീരുമാനത്തിന്റെ തുടർച്ചയായി കാണാം. ഈ തീരുമാനം ലോകാരോഗ്യ സംഘടനയെ സാമ്പത്തികമായി ബാധിക്കും. ഇത് അവികസിത രാജ്യങ്ങളുടെ ആരോഗ്യരംഗത്ത് വൻ പ്രതിസന്ധിയുണ്ടാക്കും.
പാരിസ് പരിസ്ഥിതി കരാറിൽനിന്ന് പിൻവാങ്ങാനുള്ള തീരുമാനം ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളെ ദോഷകരമായി ബാധിക്കും. ഈ ഉടമ്പടിയിൽനിന്ന് പിൻവാങ്ങുന്നതോടെ ഒരു നിയന്ത്രണങ്ങൾക്കും വിധേയമാകാതെ, എണ്ണ ഉൾപ്പെടെയുള്ള വിഭവങ്ങളുടെ ചൂഷണത്തിന് അമേരിക്ക മുതിരും. ഇതും നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും.
ആഗോളരാഷ്ട്രീയത്തിൽ ട്രംപ് എന്ന 'വ്യാപാരി'യുടെ ഏറ്രവും പ്രത്യാഘാതമുണ്ടാക്കുന്ന നിലപാടാണ് മറ്റ് രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം. ചൈനയ്ക്കെതിരെ അറുപത് ശതമാനവും മെക്സിക്കോ, കാനഡ എന്നിവയ്ക്കെതിരെ 25 ശതമാനവും മറ്റ് ചില രാജ്യങ്ങൾക്കെതിരെ നാൽപ്പത് ശതമാനം വരെയും തീരുവ ചുമത്താനുള്ള തീരുമാനം ലോകവ്യാപാരത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പ്രവചനാതീതമായി ബാധിക്കും. ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് പനാമ കനാലും ഗ്രീൻ ലാൻഡും പിടിച്ചെടുക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം. അതായത് ലോകക്രമവും ലോകസമാധാനവും ട്രംപിന്റെ പ്രശ്നങ്ങളല്ല, സാമ്പത്തികവും സൈനികവുമായ ശക്തി ഉപയോഗിച്ച് , വേണ്ടത് നേടിയെടുത്ത് "അമേരിക്കയെ വീണ്ടും ഏറ്രവും മഹത്തരവും ഏറ്രവും സമ്പന്നവുമാക്കുകയാണ് " ട്രംപിന്റെ ലക്ഷ്യം. ഈ നയം എല്ലാ രാജ്യങ്ങളെയും പലരീതിയിലാണ് ബാധിക്കുക. താരതമ്യേന ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ കുറയാനാണ് സാദ്ധ്യത. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധവും സാമ്പത്തിക സഹകരണ സാദ്ധ്യതകളും ചൈന ഘടകവും അമേരിക്ക- ഇന്ത്യ ബന്ധത്തെ ശക്തിപ്പെടുത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |