ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ അജ്ഞാതരോഗം ബാധിച്ച് 16 പേർ മരിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നൽകിയിരിക്കുന്നത്. സാഹചര്യം പഠിക്കാനും മരിച്ചവരുടെ കുടുംബത്തിന് ആവശ്യമുള്ള സഹായം നൽകാനും നിർദ്ദേശമുണ്ട്.
കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന സംഘത്തിൽ ആരോഗ്യം, കൃഷി, ജല വകുപ്പുകളിൽ നിന്നുള്ള വിദഗ്ദ്ധരുമുണ്ട്. സംഘം
പ്രാദേശിക ഭരണകൂടവുമായി ചേർന്ന് മുൻകരുതൽ, സഹായ നടപടികൾ ഏകോപിപ്പിക്കും.
അതേസമയം മരിച്ചവരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയ ന്യൂറോടോക്സിൽ മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് അധികൃതർ. പ്രദേശത്തെ അരുവിയിൽ നിന്നുള്ള വെള്ളമുപയോഗിക്കരുതെന്ന് ജമ്മു കാശ്മീർ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ
ഡിസംബർ ഏഴിനാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. പനി, ഛർദ്ദി, നിർദജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
ദുരൂഹതയില്ല
അതിനിടെ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക അന്വഷണ റിപ്പോർട്ട്. പ്രദേശത്തെ ജലസംഭരണിയിൽ കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം ഉള്ളിൽ ചെന്നവരാണ് മരിച്ചത്. എന്നാൽ എങ്ങനെ കീടനാശിനി വെള്ളത്തിലെത്തിയെന്നതിൽ വ്യക്തത വന്നിട്ടില്ല. അന്തിമ റിപ്പോർട്ട് ഉടൻ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |