മെൽബൺ: പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് ഇന്നലെ നടന്ന ഗ്ലാമർ ക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസിനെ കീഴടക്കി, സെർബിൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ സെമിയിൽ കടന്നു. 3 മണിക്കൂറും 38 മിനിട്ടും നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ ശേഷമാണ് അടുത്ത മൂന്ന് സെറ്റുകളും സ്വന്തമാക്കി ജോക്കോവിച്ച് സെമി ഉറപ്പിച്ചത്. സ്കോർ: 4-6,6-4,6-3,6-4.
ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ 99-ാം ജയമായിരുന്നു ഇത്. 25 ഗ്രാൻസ്ലാം കിരീട നേട്ടത്തിലേക്ക് രണ്ട് ജയം മാത്രം അകലെയാണ് ജോക്കോവിച്ച്. സെമിയിൽ ജർമ്മൻ താരം അലക്സാണ്ടർ സ്വരേവാണ് ജോക്കോയുടെ ഏതിരാളി. യു.എസ് താരം ടോമി പോളിനെ കീഴടക്കിയാണ് സ്വരേവ് സെമിയിൽ എത്തിയത്.
വനിതാ സിംഗിൾസിൽ അമേരിക്കൻ താരം കോകോ ഗോഫിനെ അട്ടിമറിച്ച് പൗല ബഡോസയും അനസ്‌താസിയ പവ്‌ലച്ചെങ്കോയെ വീഴ്‌ത്തി നിലവിലെ ചാമ്പ്യൻ അരീന സബലേങ്കയും സെമിയിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |