ലക്‌നൗ: ഹോട്ടൽ മുറിയിലെ ബാത്ത്റൂമിൽ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ നീലേഷ് ബന്ദാരി (44) ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് നീലേഷ് ലക്നൗവിലെ കാംത പ്രദേശത്തുള്ള ഹോട്ടലിലെത്തിയത്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ സിംഗ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നീലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സ്ത്രീയെ കാണാനില്ലെന്നും ഇവരെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നീലേഷ് വിവാഹിതനാണെന്നും അദ്ദേഹത്തിന്റെ കുടുംബം രാജസ്ഥാനിലെ ജലോർ ജില്ലയിലാണെന്നും പൊലീസ് അറിയിച്ചു. മരണ വിവരം ഭാര്യയേയും മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചിട്ടുണ്ട്. അതിഥി മരിച്ചുകിടക്കുന്നെന്ന് ഹോട്ടൽ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.
'ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു. ശരീരത്തിൽ പാടുകളൊന്നും ഇല്ല. ഇയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. നീലേഷിന്റെ ബന്ധുക്കൾ ലക്‌നൗവിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.'- പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |