പൂനെ: അപ്പാർട്ടുമെന്റിലെ ഒന്നാം നിലയിലെ പാർക്കിംഗ് ഏരിയതിൽ പാർക്കുചെയ്യുന്നതിടെ കാർ തഴേക്കുവീണ് അപകടം. കാറിന് കേടുപാടുകൾ ഉണ്ടായെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പൂനെയിലെ ഒരു അപ്പാർട്ടുമെന്റിലായിരുന്നു സംഭവം. യാത്രകഴിഞ്ഞെത്തിയ ഡ്രൈവർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറിയാതെ റിവേഴ്സ് ഗിയർ ഇട്ടതാണ് പ്രശ്നമായത്. പൊടുന്നനെ വേഗത്തിൽ പിന്നാേട്ട് നീങ്ങിയ കാർ പാർക്കിംഗ് ഏരിയയിലെ അരമതിലും തകർത്ത് താഴേക്കുവീഴുകയായിരുന്നു. ഈ സമയം താഴെ ആൾക്കാരോ മറ്റ് വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഉഗ്രശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പോൾ താഴ്‌ഭാഗം കുത്തി നിൽക്കുന്ന നിലയുള്ള കാറിൽ ഡ്രൈവറും ഉണ്ടായിരുന്നു. ഇയാളെ ഏറെ പണിപ്പെട്ടാണ് പുറത്തിറക്കിയത്. പിന്നീട് കാറും മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം, അപ്പാർട്ടുമെന്റിലെ പാർക്കിംഗ് ഏരിയയിലെ നിർമ്മാണത്തിലെ പിഴവാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന ആരോപണവുമായി ഒരു സംഘം രംഗത്തെത്തി. നിർമ്മാണത്തിൽ അപാകതയുണ്ടായിരുന്നില്ലെങ്കിൽ കാർ തട്ടുമ്പോൾ മതിൽ തകരുമോ എന്നും അവർ ചോദിക്കുന്നുണ്ട്. അപകടത്തിന്റെ വീഡിയോ കണ്ട ചില സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഇക്കാര്യം ചോദിക്കുന്നുണ്ട്.എന്നാൽ അപകടം ഡ്രൈവർക്ക് സംഭവിച്ച പിഴവുകൊണ്ട് ഉണ്ടായതാണെന്നും വേറൊരു കാരണവും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
പാർക്കിംഗ് ഏരിയയിൽ ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത് ആദ്യസംഭവമല്ല. നേരത്തേയും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡ്രൈവറുടെ അശ്രദ്ധ തന്നെയാണ് ഒട്ടുമിക്ക അപകടങ്ങൾക്കും ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |