വർക്കല: വിവാഹത്തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാളെ വർക്കല പൊലീസ് പിടികൂടി. നഗരൂർ ചെറുന്നിയൂർ സ്വദേശിനികളുടെ പരാതിയിൽ ചെറുന്നിയൂർ താന്നിമൂട് ലക്ഷംവീട് നഗറിൽ നിതീഷ്ബാബു(32) ആണ് അറസ്റ്റിലായത്. 28കാരിയായ ചെറുന്നിയൂർ സ്വദേശിനിയെ 2014 ൽ വിവാഹം കഴിച്ച് നിതീഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും 10 പവൻ സ്വർണാഭരണങ്ങൾ വിറ്റ് ഇയാൾ ധൂർത്തടിച്ചെന്നുമാണ് യുവതിയുടെ പരാതി. യുവതിയെക്കൊണ്ട് രണ്ട് മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നായി 50,000 രൂപ വീതം ലോണെടുപ്പിച്ച് പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.
സമാന പരാതിയുമായി നഗരൂർ സ്വദേശിനിയും രംഗത്തെത്തി. യുവതികളുമായി പ്രണയബന്ധം സ്ഥാപിക്കുകയും തുടർന്ന് ഏതെങ്കിലും ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഈ വിവാഹങ്ങൾ ഒന്നും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലം പരവൂർ സ്വദേശിനിയായ യുവതിയും ഇയാളുടെ വിവാഹത്തട്ടിപ്പിന് ഇരയായിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |