സ്റ്റാർട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണ പത്രത്തിൽ ഒപ്പിട്ടു
തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിനായി കേരള സ്റ്റാർട്ടപ്പ് മിഷനും ടൂറിസം വകുപ്പും കൈകോർക്കുന്നു. വിനോദസഞ്ചാര രംഗത്ത് നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയുടെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രനും സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബികയും ധാരണപത്രത്തിൽ ഒപ്പിട്ടു.
ലോകത്തെവിടെയുമുള്ള സഞ്ചാരികളുടെ വിരൽത്തുമ്പിൽ കേരളത്തെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വിധത്തിൽ രാജ്യത്ത് ആദ്യമായി ഒരു ഇന്നവേഷൻ സെന്റർ സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടപ്പാക്കും. കെ.ടി.ഐ.എൽ എം.ഡി മനോജ് കിനി, കിറ്റ്സ് ഡയറക്ടർ ഡോ. എം.ആർ ദിലീപ് , വിനോദസഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) പി.വിഷ്ണുരാജ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ സജീഷ് എന്നിവരും പങ്കെടുത്തു.
ജോലി ചെയ്യാൻ സ്റ്റാർട്ട്പ്പ് പോഡ്
കാരവൻ പാർക്കുകൾ, സ്റ്റാർട്ടപ്പ് പോഡ് പദ്ധതി, ക്ലീൻ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ ഇൻഫർമേഷൻ കിയോസ്കുകൾ, ഫ്രീഡം സ്ക്വയർ എന്നിവയ്ക്കാണ് ധാരണപത്രത്തിൽ പ്രഥമ പരിഗണന.
ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാരവൻ ടൂറിസത്തിന്റെ വികസനവും പ്രോത്സാഹനവും ആധുനിക കാരവൻ പാർക്കുകളിലൂടെ ലക്ഷ്യമിടുന്നു.
പ്രകൃതിരമണീയസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നതിന് ആവശ്യമായ കോ വർക്കിംഗ് സൗകര്യത്തോടൊപ്പം മനോഹരമായ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് പോഡ്.
സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോർത്തിണക്കിക്കൊണ്ട് സ്റ്റാർട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിന്റെ വേഗം വർദ്ധിപ്പിക്കാനാണ് ലക്ഷ്യം.
മുഹമ്മദ് റിയാസ്
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |