കൊച്ചി: പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റായ ബാബു ഏബ്രഹാം കള്ളിവയലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) സെൻട്രൽ കൗൺസിലിലേക്കു നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിലെ ഐ.സി.എ.ഐ ആസ്ഥാനത്ത് ഫെബ്രുവരി 12ന് ബാബു ചുമതലയേൽക്കും. ദക്ഷിണേന്ത്യൻ റീജണൽ കൗൺസിലിലേക്ക് എറണാകുളത്തെ ചാർട്ടേർഡ് അക്കൗണ്ടന്റായ ദീപ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് ആദ്യമായാണ് വനിത റീജണൽ കൗൺസിലെത്തുന്നത്. 25 വർഷമായി ചാർട്ടേർഡ് അക്കൗണ്ടന്റായ ദീപ കെ.എസ്.ഐ.ഡി.സി, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറാണ്.
ഐ.സി.എ.ഐയുടെ ദക്ഷിണേന്ത്യൻ റീജണൽ കൗൺസിലിൽ 2010 -11ൽ ചെയർമാനും തുടർച്ചയായി ഒമ്പതുവർഷം അംഗവുമായിരുന്നു ബാബു. കെ.എസ്.ഐ.ഡി.സിയുടെ ഡയറക്ടറും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റീജണൽ ബോർഡിൽ ഡയറക്ടറും ആയിരുന്നു. ഐ.സി.എ.ഐയുടെ ബോർഡ് ഒഫ് സ്റ്റഡീസിന്റെ മുൻ ചെയർമാനാണ്. 24 രാജ്യങ്ങളിലെ 33 അക്കൗണ്ടൻസി സംഘടനകളുടെ വേദിയായ കൺഫെഡറേഷൻ ഒഫ് ഏഷ്യൻ ആൻഡ് പസഫിക് അക്കൗട്ടാന്റ്സിന്റെ പബ്ലിക് സെക്ടർ ഫിനാൻഷ്യൽ മാനേജിംഗ് കമ്മിറ്റി അംഗവുമാണ്. കോട്ടയം, പാലാ വിളക്കുമാടം കള്ളിവയലിൽ പരേതരായ കെ.എ. എബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്. ആലുവ പാറയ്ക്കൽ മിനു ആണ് ഭാര്യ. 1991 മുതൽ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |