ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സെമിയിൽ ഇഗ ഷ്വാംടെക് - മാഡിസൺ കീസ് പോരാട്ടം
മെൽബൺ : ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർതാരം ഇഗ ഷ്വാംടെക്കിന് സെമി ഫൈനലിൽ എതിരാളി അമേരിക്കയുടെ 19-ാം സീഡായ മാഡിസൺ കീസ്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലുകളിൽ ഇഗ അമേരിക്കയുടെ എമ്മ നവാരോയേയും കീസ് യുക്രെയ്നിന്റെ എലിന സ്വിറ്റോളിനയേയും തോൽപ്പിച്ചാണ് സെമിയിലേക്കുള്ള സീറ്റുറപ്പിച്ചത്.
റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ രണ്ടാം സീഡായ ഇഗ 6-1,6-2 എന്ന സ്കോറിനാണ് നവാരോയെ കീഴടക്കിയത്. ഒരു മണിക്കൂർ 29 മിനിട്ടുകൊണ്ടായിരുന്നു ഇഗയുടെ ജയം. മാഡിസൺ കീസ് 3-6,6-3,6-4 എന്ന സ്കോറിനാണ് എലിനയെ മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം കീസ് ശക്തമായി തിരിച്ചുവന്ന് വിജയിക്കുകയായിരുന്നു. ഒരു മണിക്കൂർ 53 മിനിട്ടാണ് മത്സരം നീണ്ടത്. ഇന്ന് നടക്കുന്ന മറ്റൊരു വനിതാ സിംഗിൾസ് സെമിയിൽ ഒന്നാം സീഡ് അര്യാന സബലേങ്കയും പതിനൊന്നാം സീഡ് പോളോ ബഡോസയും ഏറ്റുമുട്ടും.
ഇന്നലെ നടന്ന പുരുഷ വിഭാഗം ക്വാർട്ടർഫൈനലുകളിൽ ഒന്നാം സീഡ് യാന്നിക്ക് സിന്നറും 21-ാം സീഡ് ബെൻ ഷെൽട്ടണും വിജയം നേടി. ഇറ്റാലിയൻ താരവും നിലവിലെ ചാമ്പ്യനുമായ സിന്നർ 6-3,6-2,6-1ന് ഓസ്ട്രേലിയൻ താരം ഡി മിനേയുറിനെയാണ് കീഴടക്കിയത്. ഷെൽട്ടൺ നാലുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ഇറ്റാലിയൻ താരം ലോറെൻസോ സൊനേഗോയെ 6-4,7-5,4-6,7-6 എന്ന സ്കോറിന് തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |