പാലക്കാട്: ചിറ്റൂർ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് രൂക്ഷ വിമർശനം. ബി.ജെ.പി സംസ്ഥാന നേതാവായിരുന്ന സന്ദീപ് വാര്യർ പാർട്ടി വിട്ടപ്പോൾ എ.കെ.ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നത്.
'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന പരാമർശം വെള്ളം തിളയ്ക്കും മുമ്പ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം. ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ കേന്ദ്രകമ്മിറ്റി അംഗം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി.. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നു പോവരുതെന്നും വിമർശനമുയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം.
ബ്രൂവറി അനുമതി
ദോഷം ചെയ്യുമെന്ന്
എലപ്പുള്ളിയിലെ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയതിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്നും, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പ്രാദേശിക നേതാക്കൾ വിമർശിച്ചു. വിഷയം അറിഞ്ഞത് പോലും വിവാദമായ ശേഷമാണ്. ബ്രൂവറി വിഷയത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. വിവാദമുണ്ടായ ആദ്യഘട്ടത്തിൽ പ്രാദേശിക നേതൃത്വം പ്രതിരോധത്തിലായെന്നും നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |