മലപ്പുറം: വെറ്റിലപ്പാറ ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഓടക്കയം സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം പ്രദേശത്ത് വന്നിരുന്നു. അതിലെ ഒരു ആനയാണ് കിണറ്റിൽ വീണതെന്നാണ് നിഗമനം. കിണറ്റിന് ആൾമറയില്ല.
അതേസമയം, തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ വീണ്ടും പുനഃരാരംഭിച്ചു. ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആന റിസർവ് വനത്തിലാണെന്നാണ് അനുമാനം. അനുയോജ്യമായ സ്ഥലമാണെങ്കിൽ ഉടൻ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. പുഴയുടെ സമീപത്താണെങ്കിൽ ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചും ആനയെ മാറ്റാനാണ് പദ്ധതിയിടുന്നത്. മയക്കുവെടി വച്ചശേഷം മുറിവിന് ചികിത്സ നൽകും. ശേഷം ആനയെ കാട്ടിൽ തന്നെ വിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |