മുംബയ്: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് കപിൽ ശർമയ്‌ക്കും സന്ദേശമെത്തിയത്. സംഭവത്തിൽ മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീഷണി സന്ദേശമടങ്ങുന്ന മെയില്‍ വന്നത് പാകിസ്ഥാനിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. വിഷയം വളരെയധികം ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യം പുറത്ത് പറയരുതെന്നും കപില്‍ ശര്‍മയ്ക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോ പ്രശസ്‌തി നേടുന്നതിനോ വേണ്ടിയല്ല ഇതയയ്ക്കുന്നത്. നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം കുറച്ചുനാളായി നിരീക്ഷിക്കുന്നുണ്ട്. ബിഷ്ണു എന്ന പേരിലുള്ളയാളാണ് മെയിൽ അയച്ചത്.
സുഗന്ധ മിശ്ര, റെമോ ഡിസൂസ, രാജ്‌പാൽ യാദവ് എന്നിവര്‍ വധഭീഷണി സംബന്ധിച്ച് നേരത്തെ തന്നെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാന്ദ്രയ്ക്കടുത്തുവച്ച് എൻസിപി നേതാവ് ബാബ സിദ്ദിഖി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശങ്ങള്‍ പൊലീസ് അതീവ ഗൗരവമായാണ് കാണുന്നത്. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
സംഭവത്തിന് പിന്നാലെ ബാബ സിദ്ദിഖിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാന്റെ വീടിന് സമീപത്ത് പോലും സുരക്ഷ ശക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ ഘടിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |