കാലത്തിന്റെ മാറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ചിലര്‍ ഉന്നമനത്തിലേക്ക് ഉയരുമ്പോള്‍ മറ്റ് ചിലര്‍ക്ക് പിടിച്ച്‌നില്‍ക്കാനുള്ള പെടാപ്പാടാണ് പലപ്പോഴും മാറ്റങ്ങള്‍ സമ്മാനിക്കാറുള്ളത്. അത്തരത്തിലൊരു വിഷയം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ എല്ലാ ജംഗ്ഷനുകളിലും കാണാന്‍ കഴിയും. പറഞ്ഞുവരുന്നത് കേരളത്തിലെ ചെറുകിട വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമെന്താണെന്നാല്‍ ഇപ്പോള്‍ നേരിടുന്ന ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിയില്ലെന്നതാണ്.
കേരളത്തില്‍ അടഞ്ഞ് കിടക്കുന്ന കടമുറികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. എല്ലാ കവലകളിലും താഴ് വീഴുന്ന ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. ഈ പ്രതിസന്ധിക്ക് കാരണം പലതാണ്. പ്രധാനമായും ആളുകള്‍ ഷോപ്പിംഗിന് മാളുകളേയും ഓണ്‍ലൈന്‍ സംവിധാനങ്ങളേയും ഉപയോഗിക്കുന്നത് വളരെയധികം കൂടിയിട്ടുണ്ട്. കസ്റ്റമേഴ്‌സിന്റെ എണ്ണം കുറഞ്ഞതാണ് കച്ചവടം കുറയാന്‍ കാരണം.
ഉയര്‍ന്ന വാടക, വൈദ്യുതി ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം, ബാങ്ക് വായ്പയുണ്ടെങ്കില്‍ അതിന് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന പലിശ. ഇതിനെല്ലാം ചെലവാക്കുന്ന തുക കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് ആകെ വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പിടിച്ചുനില്‍ക്കാന്‍ വളരെ പാടുപെടുകയാണെന്ന് ചെറുകിട വ്യാപാരികള്‍ തന്നെ പറയുന്നു. അടിക്കടിയുണ്ടാകുന്ന ടാക്‌സ് വര്‍ദ്ധനവും വ്യാപാരികളെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്.
ചെറുകിട ഹോട്ടലുകളേയും ഈ പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കല്‍ പോലുള്ള ക്രമക്കേടുകള്‍ നടന്നാല്‍ അതിന് പോലും ഹോട്ടലുടമകള്‍ക്കും പെട്ടിക്കടക്കാര്‍ക്കുമാണ് പിഴ ഈടാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും കച്ചവടം മതിയാക്കുന്നത്. ഇത് കാരണം ജോലി നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കാണ്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഉള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ പണിത് വാടകയ്ക്ക് നല്‍കുന്നത്. സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുന്നത് വാടകയ്ക്ക് നല്‍കിയവരേയും ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |