കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. വെസ്റ്റ് ബംഗാൾ ജെൽദ ഗ്രാമത്തിൽ താമസിക്കുന്ന സുതപ മിശ്ര ചാറ്റർജിയാണ് (54) കൊച്ചി ഇൻഫോ പാർക്കിലെ കേര ഫൈബർ ടെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കബളിപ്പിച്ച് ഒരുകോടി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്. വെസ്റ്ര് ബംഗാൾ പുരുളിയ ജില്ലയിലെ ജെൽദ ഗ്രാമത്തിലെ ഗവ. ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അദ്ധ്യാപികയാണ്. സമൂഹമാദ്ധ്യമത്തിലൂടെ ബോളിവുഡിലെ പ്രശസ്ത ഗായകനെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് വഴിയാണ് തട്ടിപ്പ്. യുവതിയുമായി അടുപ്പം സ്ഥാപിച്ച തട്ടിപ്പുകാരൻ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ബാങ്ക് അക്കൗണ്ടിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യാനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു. കമ്പനിയുമായി ഇടപാടുകളുള്ള മറ്റൊരു സ്ഥാപനത്തിന്റേതിന് സമാനമായ വ്യാജ ഇമെയിൽ സന്ദേശം അയച്ച് കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. യുവതിയുടെ ബാങ്ക് അക്കൗണ്ട് കാർഡുകൾ, സിം കാർഡ് എന്നിവ തട്ടിപ്പുകാരൻ ഉപയോഗിച്ചു വരികയായിരുന്നു. നക്സൽ ആക്രമണ ഭീതി നിലനിൽക്കുന്ന ഗ്രാമത്തിലെ മലയോര മേഖലയിലാണ് തട്ടിപ്പുകാരനായ യുവാവ് താമസിക്കുന്നത്. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗാൾ പൊലീസിന്റെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ബംഗാൾ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷം കൊച്ചിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |