ന്യൂഡൽഹി : ലൈംഗിക ബന്ധത്തിനുള്ള അനുമതി സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമത്തിൽ പങ്കിടാനും പ്രചരിപ്പിക്കാനുമുള്ള ലൈസൻസല്ലെന്ന് ഡൽഹി ഹൈക്കോടതി. സ്ത്രീയെ മാനഭംഗപ്പെടുത്തിയെന്നും സ്വകാര്യ ദൃശ്യങ്ങൾ വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പോസ്റ്ര് ചെയ്‌തെന്നുമുള്ള കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുറ്റങ്ങൾ നിഷേധിച്ച പ്രതി, പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് വാദിച്ചു. ഈ സമയത്താണ് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ കടുത്ത നിലപാട് സ്വീകരിച്ചത്. ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ അനുമതി വീഡിയോ എടുക്കാനുള്ള അനുമതിയല്ല. സ്വകാര്യ നിമിഷങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ല. ആദ്യം അനുമതിയുണ്ടായിരുന്നു. പിന്നീട് ബ്ലാക്മെയിൽ, ബലപ്രയോഗം എന്നിവയുണ്ടായെന്നും കോടതി കൂട്ടിച്ചേർത്തു. വിവാഹിതയാണ് പരാതിക്കാരി. ഫോൺ മുഖേനയാണ് പ്രതിയുമായി അടുപ്പത്തിലായത്. ബ്യൂട്ടിഷ്യൻ കോഴ്സ് പഠിക്കാൻ യുവതിക്ക് 3.5 ലക്ഷം രൂപ കടമായി നൽകി. പിന്നീടാണ് ബ്ലാക്മെയിലിംഗ് അടക്കമുണ്ടായത്. യുവതിയുടെ 13കാരിയായ മകളുടെ മോർഫ് ചെയ്‌ത ചിത്രം പ്രതി പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |