മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർ 13 ആയി. ബോഗിയിൽ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച് ട്രെയിനിൽ നിന്ന് ചാടിയവർ സമീപ ട്രാക്കിലൂടെ വന്ന ട്രെയിനിടിച്ച് മരിക്കുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 5,000 രൂപ വീതവും റെയിൽവേ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നേരത്തേ മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
മുംബയിൽ നിന്ന് 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടെയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ലക്നൗവിൽ നിന്ന് മുംബയിലേക്ക് വന്ന പുഷ്പക് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന 25ഓളം പേർ തീയും പുകയും കണ്ട് ട്രെയിനിൽ നിന്ന് ചാടി.
വിളിച്ചുപറഞ്ഞത്
ചായക്കച്ചവടക്കാരൻ
അതിനിടെ, ഒരു ചായ കച്ചവടക്കാരനാണ് ട്രെയിനിൽ തീപിടിത്തമുണ്ടെന്ന് വിളിച്ചുപറഞ്ഞതെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതായി റിപ്പോർട്ട്.
ചെയിൻ വലിച്ചതും ആൾക്കാരോട് ട്രെയിനിൽ നിന്ന് ചാടാൻ ആക്രോശിച്ചതും അയാളായിരുന്നു. ചെയിൻ വലിച്ചതോടെ ട്രെയിനിന്റെ വേഗം കുറഞ്ഞു.
ഭയത്തിൽ യാത്രക്കാർ കോച്ചുകളിൽ നിന്ന് ചാടി. ട്രാക്കില്ലാതിരുന്ന വശത്തേക്ക് നിരവധിപേർ ചാടിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |