തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടിസുനിക്ക് പരോൾ അനുവദിച്ചത് ജയിലിലെ പെരുമാറ്റം, സ്വഭാവം എന്നിവകൂടി കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
മനുഷ്യാവകാശകമ്മിഷന്റെ നിർദ്ദേശം മാനിക്കുകയും മാതാവിന്റെ അപേക്ഷ പരിഗണിക്കുകയും ചെയ്തതിന് പുറമേയാണിത്. ചട്ടപ്രകാരം അർഹതയുള്ളവർക്കാണ് തെറ്റുതിരുത്തലിന്റെ ഭാഗമായി അവധി അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വയനാട് വീടുകളുടെ
നിർമ്മാണച്ചെലവ്
20 ലക്ഷമായേക്കും
വയനാട് പുനരധിവാസത്തിന് വീടൊന്നിന്റെ നിർമ്മാണച്ചെലവ് 20 ലക്ഷമാക്കാനാവുമെന്നാണ് പ്രതീക്ഷ.
30 ലക്ഷം പ്രാഥമികഘട്ടത്തിൽ കണക്കാക്കിയതാണ്. നിരവധി വീടുകൾ ഒന്നിച്ച് നിർമിക്കുമ്പോൾ ചെലവ് കുറയും. വീടുകൾ നൽകേണ്ടവരുടെ കരട് പട്ടികയ്ക്ക് അംഗീകാരം നൽകി.
ദുരിതാശ്വാസനിധിയിൽ ഇതുവരെ 712.98 കോടി ലഭിച്ചു. കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നു. നഷ്ടപരിഹാരമായി 2221 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങളിൽ ഇളവനുവദിച്ചതിനാൽ എസ്.ഡി.ആർ.എഫിൽ നിന്ന് 120 കോടി വരെ ചെലവിടാനാകും.
വയനാട്ടിൽ ടൗൺഷിപ്പിന് ഭൂമി വിലയ്ക്കുവാങ്ങും. ഭാവിയിൽ ഒരു നിലകൂടി നിർമ്മിക്കാവുന്ന രീതിയിലാണ് വീടുകളുടെ നിർമ്മാണം. സർക്കാരിന്റെ ടൗൺഷിപ്പിന് പുറത്ത് താമസിക്കാനാഗ്രഹിക്കുന്നവർക്ക് 15 ലക്ഷം നൽകും. പുനരധിവാസം പൂർത്തിയാകുംവരെ വീട്ടുവാടക സർക്കാർ നൽകും. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി നൽകാനാവില്ല.
പത്തനംതിട്ട
പീഡനക്കേസ്
പത്തനംതിട്ട പീഡനക്കേസിൽ 56 പേരെ അറസ്റ്റ് ചെയ്തു. 59 പ്രതികളിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. അറസ്റ്റ് ചെയ്യാനുള്ളവരിൽ രണ്ടുപ്രതികൾ വിദേശത്തും ഒരാൾ ഒളിവിലുമാണ്. പത്തനംതിട്ടയിൽ 30 കേസുകളും തിരുവനന്തപുരം റൂറൽ ജില്ലയിൽ ഒരു കേസുമാണുള്ളത്.
സംസ്ഥാനത്ത് രാജ്യാന്തരബന്ധമുള്ള അവയവ റാക്കറ്റിന്റെ കണ്ണികൾ പ്രവർത്തിക്കുന്നു. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ നാലുപേരുണ്ടായിരുന്നു. ഒന്നാംപ്രതി ഒഴികെയുള്ളവരെ അറസ്റ്റുചെയ്തു. അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറി.
70 സ്കൂളുകളിൽ കൂടി
സ്റ്റുഡന്റ് പൊലീസ്
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 70 സ്‌കൂളുകളിൽ കൂടി വ്യാപിപ്പിക്കും. പൊലീസിന്റെ അംഗബലം ഉയർത്തും.
മുൻവർഷങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 2024ൽ 3746 അപകടങ്ങളാണുണ്ടായത്. 2022ൽ 4317ഉം 2023ൽ 4080 ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |