വാഷിംഗ്ടൺ: ഉത്പന്നങ്ങൾ യു.എസിൽ നിർമ്മിച്ചില്ലെങ്കിൽ ട്രില്ല്യൺ കണക്കിന് ഡോളറിന്റെ താരിഫ് നേരിടേണ്ടി വരുമെന്ന് ബിസിനസ് ലോകത്തിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിലേക്ക് ഉത്പാദനം കൊണ്ടുവരുന്ന കമ്പനികൾക്ക് നികുതി ഇളവുകളും വാഗ്ദ്ധാനം ചെയ്തു.
ഇന്നലെ സ്വിറ്റ്‌സർലൻഡിലെ ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ വെർച്വലായി സംസാരിക്കുകയായിരുന്നു ട്രംപ്. യു.എസിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി നിരക്ക് 15 ശതമാനമാക്കി കുറയ്ക്കുമെന്നും പറഞ്ഞു. കാനഡ യു.എസിലെ സംസ്ഥാനമായി മാറുമെന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു.
യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഉടൻ കാണും. സൗദി അറേബ്യയും ഒപെക് രാജ്യങ്ങളും എണ്ണവില കുറയ്ക്കണം. ഇത് യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും. സൗദിയുടെ യു.എസിലെ നിക്ഷേപം ഒരു ട്രില്ല്യൺ ഡോളറായി ഉയർത്തണമെന്നും ട്രംപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |