വീണ്ടും മറ്റൊരു റിപ്പബ്ലിക് ദിനം കൂടി വന്നെത്തി. പതിനായിരക്കണക്കിനു ഭാരതീയരുടെ രാപകലുള്ള കഠിനാദ്ധ്വാനത്തിലൂടെയും ജീവത്യാഗത്തിലൂടെയുമാണ് രാഷ്ട്രം സ്വാതന്ത്ര്യവും പുരോഗതിയും കൈവരിച്ചത്. അവർ കാണിച്ച അർപ്പണബുദ്ധിയും ത്യാഗവും നമ്മളും കാത്തുസൂക്ഷിച്ചാൽ മാത്രമേ അവരോടും രാഷ്ട്രത്തോടുമുള്ള നമ്മുടെ കടപ്പാട് പൂർണ്ണമാവുകയുള്ളൂ.
സ്വാതന്ത്ര്യമെന്നാൽ നിയന്ത്രണമില്ലാതെ തന്നിഷ്ടംപോലെ കഴിയുക എന്നതല്ല. മറ്റുള്ളവരുടെ അഭിലാഷങ്ങളെ അവഗണിച്ചോ, അടിച്ചമർത്തിയോ നമുക്കു വളരാനാവില്ല. നാം ഓരോരുത്തരും ശരീരത്തിലെ ഓരോ കോശംപോലെയാണ്. അനിയന്ത്രിതമായി ഒരു കോശം പെരുകിയാൽ അതു കാൻസറായി പരിണമിക്കും. അതു യഥാർത്ഥ വളർച്ചയല്ല. യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ സ്വാർത്ഥതയുടെ മേലുള്ള വിജയമാണ്. അല്ലാതെയുള്ള സ്വാതന്ത്ര്യം അൽപകാലം മാത്രമേ നിലനിൽക്കുകയുള്ളൂ.
ചില രാജ്യങ്ങളിൽ എന്തിനും ഏതിനും സ്വാതന്ത്ര്യമുണ്ട്. അതുകാരണം മാതാപിതാക്കൾക്ക് സ്വന്തം കുട്ടികളെ ശാസിക്കാനോ നിയന്ത്രിക്കാനോ അധികാരമില്ല. ഇതുമൂലം കുട്ടികൾ വഴിതെറ്റുകയും സാഹചര്യങ്ങളെ അതിജീവിക്കാൻ അശക്തരായും തീരുന്നു. പ്രതിബന്ധങ്ങൾക്ക് മുമ്പിൽ അവർ തളർന്നു വീഴുന്നു. സംഘർഷവും നിരാശയും വളർന്ന് അവർ മാനോരോഗികളായിത്തീരുന്നു. അനവധി പേർ കുറ്റവാളികളായി ജയിലുകളിൽ ചെന്നവസാനിക്കുന്നു. അമിതസ്വാതന്ത്യം അസ്വാതന്ത്ര്യത്തിന്റെ മുന്നോടിയാണെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കായി നിസ്വാർത്ഥമായി എല്ലാവരും ഒത്തൊരുമിച്ചു പ്രയത്നിക്കുകയും അതിന്റെ സത്ഫലങ്ങൾ ഒന്നിച്ചനുഭവിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം യാഥാർത്ഥ്യമായിത്തീരുന്നത്. അതിനുള്ള കർമ്മധീരതയും ഉത്സാഹവുമാണ് നമ്മുടെ ജനതയ്ക്ക് ആവശ്യം.
ഭാരതത്തിൽ ജനിച്ചതുകൊണ്ടുമാത്രം ഭാരതീയരാവുന്നില്ല. ഭാരതത്തിന് ഒരു സംസ്കാരമുണ്ട്. ഋഷീശ്വരന്മാർ നമുക്കു തന്നിട്ടുപോയ ഒരു പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യസമര കാലത്തെ രാഷ്ട്രനേതാക്കൾ ജീവിച്ചുകാട്ടിയ ആദർശങ്ങളും മൂല്യങ്ങളുമുണ്ട്. അവയെ നമ്മൾ കാത്തുസൂക്ഷിക്കണം; ആചരിക്കണം; വരുംതലമുറയ്ക്കു കൈമാറണം. ലോകത്തിനു മുഴുവൻ ആദ്ധ്യാത്മികജ്ഞാനം പകർന്ന നാടാണ് ഭാരതം. ആ അഭിമാനം നമ്മൾ ഉൾക്കൊള്ളണം.
സ്വാതന്ത്ര്യസമരക്കാലത്ത് നമുക്ക് 'സ്വരാജ്യം" എന്ന സങ്കല്പമുണ്ടായിരുന്നു. സ്വരാജ്യമെന്നാൽ സ്വന്തം രാജ്യം. അതു ബാഹ്യമായ കാര്യമാണ്. എന്നാൽ, അതോടൊപ്പം 'ആന്തരികമായ സ്വരാജ്യം" കൂടി നമ്മൾ നേടിയെടുക്കണം. അതായത്, വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളുമെല്ലാം സ്വന്തം നിയന്ത്രണത്തിൽ നില്ക്കുന്ന സ്ഥിതി. ആ സ്ഥിതി കൈവരിച്ചാൽ അവിടെ സ്വാതന്ത്ര്യമുണ്ടാകും ആനന്ദമുണ്ടാകും എല്ലാ നന്മയുമുണ്ടാകും. മൂന്നു മഹത്തായ പാഠങ്ങൾ ഭാരതം ലോകത്തിനു നല്കിയിട്ടുണ്ട്. 'ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മളെ രക്ഷിക്കും. അതുലോകത്തെ മുഴുവൻ രക്ഷിക്കും" എന്നുള്ളതാണ് ഒന്നാമത്തെ പാഠം. 'നമ്മൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ജീവസമൂഹത്തിന്റെ മുഴുവൻ നന്മയ്ക്കുവേണ്ടിയായിരിക്കണം. ഈശ്വരന് അർപ്പിച്ചു ചെയ്യണം." അതാണു രണ്ടാമത്തെ പാഠം. ഇതിനെയാണ് നമ്മൾ യജ്ഞസങ്കല്പമെന്നു വിളിച്ചത്. 'എല്ലാം ഒരാത്മാവാണ്. നമ്മളിൽ നിന്ന് അന്യമായി ആരുമില്ല." ഇതാണു മൂന്നാമത്തെ പാഠം. ഈ മൂന്നു പാഠങ്ങളും ജീവിതത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ നമ്മൾ യഥാർത്ഥ ഭാരതീയരായിത്തീരും. ജീവിതത്തിൽ നിത്യമായ ശാന്തിയും ആനന്ദവും അനുഭവിക്കുവാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |