ഫെബ്രുവരി 10 നു ശേഷം ചിത്രീകരണം
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവസിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10 നു ശേഷം കൊച്ചിയിൽ ആരംഭിക്കും. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ പൂനെ ആണ്. മോഹൻലാലിനൊപ്പം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ആദ്യ സിനിമയാണ് ഹൃദയപൂർവം. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രിയങ്കരിയായി മാറിയ സംഗീതയും പ്രധാന വേഷത്തിൽ എത്തുന്നു. പ്രേമലുവിലൂടെ ശ്രദ്ധേയനായ സംഗീത് പ്രതാപ് ആണ് മറ്റൊരു താരം. കഥാപാത്രത്തിനുവേണ്ടി മോഹൻലാൽ താടിയെടുക്കുന്നുണ്ട്. മോഹൻലാൽ താടിയെടുത്തശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി. തിരക്കഥയും സംഭാഷണവും എഴുതുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും സിനിമയിലൂടെയാണ് തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിൽ എത്തുന്നത്. പ്രശാന്ത് മാധവ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.എന്നും എപ്പോഴും എന്ന സിനിമയിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനം ഒരുമിച്ചത്. അതേസമയം തുടരും ആണ് റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രതത്തിൽ ശോഭനയാണ് നായിക. ഫെബ്രുവരി 14 ന് തുടരും തിയേറ്ററിൽ എത്തും. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |