കൊച്ചി: കോടതി ഉത്തരവുകൾ നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടെയോ പിൻബലത്തിൽ എന്തുമാകാമെന്നു കരുതരുത്. ജോലിനഷ്ടപ്പെടുകയോ രാജിവയ്‌ക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്‌ളക്‌സ് സെക്രട്ടേറിയറ്റിനുഹമുന്നിൽ സ്ഥാപിച്ചതിൽ സംഘടന പ്രസിഡന്റായ അഡീഷണൽ സെക്രട്ടറി പി. ഹണി, സംഘടന സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റുമായ അജിത്കുമാർ എന്നിവരും ബോർഡ് സ്ഥാപിച്ച ഏജൻസി ഉടമ അഖിലും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയത് അമിക്കസ്‌ക്യൂറി ഹരീഷ് വാസുദേവന്റെ റിപ്പോർട്ട് ശരി വയ്ക്കുന്നു. ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുന്നതിൽ സർക്കാർ സമയംതേടി. സെക്രട്ടേറിയറ്റിനു മുന്നിൽ ബോർഡ് സ്ഥാപിച്ചതടക്കമുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജി 30ന് വീണ്ടും പരിഗണിക്കും.
അനധികൃത ബോർഡുകൾ മാറ്റുന്നതിൽ കോടതി ഉത്തരവ് ലംഘിച്ച കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് കോടതി പറഞ്ഞു.ഇവർ കോടതിയലക്ഷ്യ നടപടികൾ നേരിടണം. കൊച്ചിയിലെ തമ്മനത്തും പേട്ടയിലും സ്ഥാപിച്ച ബോർഡുകൾ ഉടൻ നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകം. നിയമലംഘനങ്ങൾ കെ-സ്മാർട്ട് ആപ്പ് വഴി പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരാതിക്കാരുടെ സ്വകാര്യത സംരക്ഷിക്കണം..
അധികാരത്തിന്റെ ധാർഷ്ട്യം
അധികാരത്തിലിരിക്കുന്ന പാർട്ടി തന്നെ നിയമലംഘനം നടത്തുന്ന സാഹചര്യമാണുള്ളത്. രാഷ്ട്രീയകക്ഷികളെ പിന്തുടർന്ന് മതവിഭാഗങ്ങളും സിനിമാക്കാരും അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നു.ഒരു കാലത്ത് സിനിമാപോസ്റ്ററുകളും മറ്റും നിറഞ്ഞിരുന്ന ചെന്നൈ നഗരം ആകെ മാറി. മെട്രോത്തൂണുകളിൽപ്പോലും പരസ്യമില്ല. ഭുവനേശ്വർ, പുരി തുടങ്ങിയ നഗരങ്ങളും ചട്ടങ്ങൾ പാലിക്കുന്നു. ഇവിടെയെല്ലാം പുതിയ ഇന്ത്യയെ കാണാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |