കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് റെയിൽവേ രേഖാമൂലം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം മലിനീകരണ നിയന്ത്രണബോർഡ് പരിശോധിക്കണം. ട്രെയിനുകളിൽ പ്ലാസ്റ്റിക് കുപ്പികളടക്കം വലിയതോതിൽ മാലിന്യങ്ങൾ നിറയുന്നെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിഷയം വീണ്ടും പരിഗണിക്കും. ട്രെയിനിലെ മാലിന്യം നിശ്ചിതപോയിന്റുകളിൽ ശേഖരിച്ച് സർക്കാർ നിയോഗിച്ച ഏജൻസികൾക്ക് കൈമാറുകയാണെന്ന് റെയിൽവേ വിശദീകരിച്ചു. തിരുവനന്തപുരത്ത് റെയിൽവേയുടെ പരിധിയിൽ വരുന്ന കനാലിൽ അടിഞ്ഞുകൂടിയ മാലിന്യത്തിൽപ്പെട്ട് തൊഴിലാളി മരിച്ചതിനു ശേഷമാണ് സർക്കാർ ഏജൻസികൾക്ക് മാലിന്യം കൈമാറുന്നത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം സർക്കാർ ഏറ്റെടുക്കുമെങ്കിൽ കൈമാറാൻ തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |