തിരുവനന്തപുരം: ഓപ്പൺ എ.ഐയുടെ നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടിയുടെ 'പണിമുടക്ക്' ഇന്ത്യൻ ചാറ്റ്ബോട്ടുകൾക്ക് അവസരമാകുന്നു. ഏത് ചോദ്യത്തിനും മനുഷ്യനെപ്പോലെ ഉത്തരം നൽകാൻ 2022ൽ യു.എസിൽ വികസിപ്പിച്ച ചാറ്റ് ജിപിടി മൂന്നാംതവണയാണ് തകരാറിലാകുന്നത്. ഉയർന്ന പ്രതിമാസ പ്രീമിയം നൽകി കോഡിംഗിനും തർജമയ്ക്കും ചാറ്റ് ജിപിടി ഉപയോഗിച്ച 3000ലേറെ ഉപഭോക്താക്കളാണ് കഴിഞ്ഞ ദിവസങ്ങളിലെ സാങ്കേതിക തകരാറിൽ വലഞ്ഞത്. തുടർച്ചയായ ഔട്ടേജുകൾ ചാറ്റ്ജിപിടിയിൽ നിന്ന് പുതിയ ഉത്പന്നങ്ങളിലേക്ക് മാറാൻ ടെക്കികളെ നിർബന്ധിതരാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. രാത്രിയോടെ തകരാർ പരിഹരിച്ചെങ്കിലും കോടികളുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ചാറ്റ്ബോട്ടുകൾക്ക് പകരം ഓരോ ആവശ്യത്തിനും അനുയോജ്യമായ സേവനങ്ങൾക്കാണ് സ്വീകാര്യത വർദ്ധിക്കുന്നത്. ഹോട്ടൽ മാനേജ്മെന്റ്, കോഡിംഗ്, കസ്റ്റമർ കെയർ എന്നിവയ്ക്ക് അനുയോജ്യമായ ചാറ്റ്ബോട്ടുകൾ ഇന്ത്യൻ കമ്പനികൾ വികസിപ്പിക്കുന്നുണ്ട്. പ്രാദേശിക പ്രശ്നങ്ങൾ, ഭാഷ, സാമൂഹികഘടന എന്നിവ കണക്കിലെടുത്ത് പ്രവർത്തിക്കാൻ ഇവയ്ക്കാവും. അടുത്തിടെ ഗൂഗിളിന്റെ ചാറ്റ്ബോട്ടായ ജെമിനി യു.എസിലുള്ള കുട്ടിയെ ഹോംവർക്ക് ചെയ്യാൻ സഹായിക്കവെ രൂക്ഷമായി ശകാരിച്ചിരുന്നു. 'നിങ്ങൾ ഭൂമിക്കൊരു ഭാരമാണെന്ന് വരെ ചാറ്റ്ബോട്ട് പറഞ്ഞെങ്കിലും സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി ഗൂഗിൾ കൈകഴുകി.
ബാധിച്ചത് ഇന്ത്യക്കാരെ
ചാറ്റ് ജിപിടിയുടെ തകരാർ ലോകരാജ്യങ്ങളെയാകെ ബാധിച്ചെങ്കിലും ഹൈദരാബാദ്, ഡൽഹി, ആഗ്രാ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ പ്രശ്നം ഗുരുതരമായി. ടെക്നോപാർക്കിൽ ഉൾപ്പെടെ ഐ.ടി കമ്പനികളുടെ പ്രവർത്തനം തടസപ്പെട്ടു. ചാറ്റ് ജിപിടിയുമായുള്ള സംഭാഷണങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കാനുള്ള സംവിധാനം കൊണ്ടുവന്ന് ദിവസങ്ങൾക്കുള്ളിലാണ് തകരാർ.
ചാറ്റ് ജിപിടി
വികസിപ്പിച്ചത് 2022ൽ യു.എസ് കമ്പനി ഓപ്പൺ എ.ഐ
ലോകത്താകെ 18 കോടിയിലേറെ ഉപഭോക്താക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |