കോഴിക്കോട്: കെ.എഫ്.എ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് സീസൺ 12 ന് (കെ.പി.എൽ) 27 ന് തുടക്കമാകും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയും ഏറ്റുമുട്ടും. 14 ടീമുകളാണ് ഇത്തവണ മത്സരിക്കുന്നതെന്ന് കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. ഫൈനൽ ഉൾപ്പെടെ ആകെ 94 മത്സരങ്ങൾ. ഏപ്രിലിലാണ് ഫെെനൽ. കോർപ്പറേറ്റ് എൻട്രിയിലൂടെ എത്തിയ ഇന്റർ കേരള എഫ്.സിയാണ് സീസണിലെ പുതുമുഖം.
കോവളം എഫ്.സി, കേരള പൊലീസ് , കെ.എസ്.ഇ.ബി, ഗോൾഡൻ ത്രെഡ്സ് എഫ്സി, കേരള ബ്ളാസ്‌റ്റേഴ്സ് എഫ്സി, എഫ്സി കേരള, ഗോകുലം കേരള എഫ്സി, കേരള യുണെറ്റഡ് എഫ്സി, പിഎഫ്സി കേരള, മുത്തൂറ്റ് എഫ്എ, റിയൽ മലബാർ എഫ്സി, വയനാട് യുണൈറ്റഡ് എഫ്സി, ഇന്റർ കേരള എഫ്സി, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി എന്നിവയാണ് പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്ന ടീമുകൾ.
പ്രാഥമിക റൗണ്ടിൽ 14 ടീമുകൾ സിംഗിൾലെഗ് ലീഗ് ഫോർമാറ്റിൽ മത്സരിക്കും. ലീഗ് ഘട്ടത്തിലെ അവസാനത്തിലെ മികച്ച നാലു ടീമുകൾ സിംഗിൾലെഗ് ഫോർമാറ്റിൽ കളിക്കുന്ന സെമി ഫൈനലിലേക്ക് യോഗ്യത നേടും. സെമി ഫൈനലിലെ വിജയികൾ എലൈറ്റ് കെ.പി.എലിന്റെ ഫൈനലിലേക്ക് മുന്നേറും. വിജയിയെ കേരള ഫുട്‌ബോൾ അസോസിയേഷൻ ഐ ലീഗ് മൂന്നാം ഡിവിഷനിലേക്ക് നാമനിർദേശം ചെയ്യും. ഈ സീസണിൽ 560 കളിക്കാർ മത്സരത്തിൽ പങ്കെടുക്കും.
ഫുട്‌ബോളിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളതെന്നും കളിക്കാരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി മാത്രമല്ല ഇന്ത്യൻ ഫുട്‌ബോൾ ലീഗ് സംവിധാനത്തിലെ ഉയർന്ന ലീഗുകളിലേക്കുള്ള ചുവടുവയ്പ് കൂടിയാണ് ഇതെന്നും നവാസ് മീരാൻ പറഞ്ഞു. കേരള ഫുട്‌ബോൾ അസോസിയേഷൻ ഓണററി പ്രസിഡന്റ് ടോം ജോസ്, എലൈറ്റ് ഫുഡ്സ് കോർപറേറ്റ് ഡയറക്ടർ സിജി പ്രതിഭാസ്മിഡൻ, സ്‌കോർലൈൻ സ്‌പോർട്സ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |