തിരുവനന്തപുരം: ദാവോസ് ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തിന് മികച്ച കൈയ്യടി. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിനിധിസംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് കേരളത്തിന്റെ വ്യവസായ മാറ്റത്തെ പുകഴ്ത്തി സംസാരിച്ചത്. രാജ്യത്തെ ഏറ്റവും പുരോഗതി പ്രാപിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നിക്ഷേപ സാദ്ധ്യതകള്‍ പരിശോധിക്കുകയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ആഗോള കമ്പനികളും വ്യക്തമാക്കി. നാല് ദിവസത്തെ സമ്മേളനത്തില്‍ 51കമ്പനികളുടെ മേധാവികളുമായും പ്രതിനിധി സംഘവുമായും ചര്‍ച്ച നടത്തിയെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് മുന്നോടിയാണിത്. മെഡിക്കല്‍ ഉപകരണം,ഐ.ടി, ലോജിസ്റ്റിക്‌സ് മേഖലകളിലെ കമ്പനികള്‍ നിക്ഷേപ സംഗമത്തിന് പ്രതിനിധികളെ അയക്കുമെന്ന് വിവിധ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ എന്നിവരും പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, കെ. റാംമോഹന്‍ നായിഡു, സി.ആര്‍. പാട്ടീല്‍, ചിരാഗ് പസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ മൃദുല്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |