തിരുവനന്തപുരം: നിശബ്ദത ഏകാഗ്രതയുടെ തിളക്കം കൂട്ടുമെന്ന് തെളിയിച്ചവയാണ് അല്ലുമോൾ(22) വരച്ച ചിത്രങ്ങൾ. ശബ്ദമില്ലാത്ത ലോകത്തിരുന്ന് അവൾ വരച്ചുകൂട്ടുന്ന ചിത്രങ്ങൾക്ക് രണ്ടായിരത്തിലേറെ പുരസ്കാരങ്ങളാണ് തേടിയെത്തിയത്. എന്നാൽ അശരണരുടെ കണ്ണീരൊപ്പുമ്പോഴാണ് തന്റെ ചിത്രങ്ങളുടെ മൂല്യമേറുന്നതെന്നാണ് നിഷിൽ ബി.എഫ്.എ നാലാംവർഷ വിദ്യാർത്ഥിനിയായ അല്ലു പറയുന്നത്.
കിടപ്പുരോഗികളുടെ സാന്ത്വനപരിചരണത്തിന് നിലകൊളുന്ന പാലിയം ഇന്ത്യ സംഘടിപ്പിക്കുന്ന ചിത്രപ്രദർശനത്തിൽ അല്ലുവിന്റെ വരകൾ മുതൽക്കൂട്ടാണ്. വയനാടിന്റെ പുനരുദ്ധാരണത്തിനായി തിരുവനന്തപുരത്ത് ചിത്രകലാപരിഷത്ത് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലും തത്സമയ കാരിക്കേച്ചർ രചനയിലും അല്ലു ധനസമാഹരണം നടത്തിയിരുന്നു.
പെൻസിൽഡ്രോയിംഗ്,അക്രിലിക്,വാട്ടർകളർ,വാൾ പെയിന്റിംഗ്,ലൈവ് പെയിന്റിംഗ്,ക്യാരിച്ചർ,ലൈവ് പോട്രെയിറ്റ് എന്നിവയ്ക്ക് പുറമേ കളിമൺശില്പ നിർമ്മാണത്തിലും പ്രതിഭയാണ്. നവകേരള സദസിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വലിയ ക്യാൻവാസിൽ അക്രിലിക് പെയിന്റിംഗിൽ അല്ലു പകർത്തി കൈയടി നേടി. രണ്ട് ദേശീയ ചിത്രപ്രദർശനമുൾപ്പെടെ 26 എക്സിബിഷനിൽ പങ്കെടുത്തിട്ടുണ്ട്.
ഇടയാറന്മുള ശ്രീഗിരിയിൽ വി.മധുവിന്റെയും ലെനി മധുവിന്റെയും മകളായ അല്ലു ഒന്നാം വയസുവരെ മറ്റു കുഞ്ഞുങ്ങളെപ്പോലെ വാക്കുകൾ ഉച്ചരിച്ചിരുന്നു. ഒന്നാംപിറന്നാൾ ദിനത്തിൽ മകളുടെ ശബ്ദത്തിന്റെ പതർച്ച അവൾക്ക് ശബ്ദവും കേൾവിയും നഷ്ടമാകുന്നതിന്റെ സൂചനയാണെന്ന് മാതാപിതാക്കളറിഞ്ഞില്ല. യാഥാർത്ഥ്യം മുന്നിൽ വന്നുനിന്നതോടെ അവരാദ്യം ചിന്തിച്ചത് കോക്ളിയർ ഇംപ്ലാന്റേഷനെക്കുറിച്ച്. എന്നാൽ അൽപ്പം ബാക്കിയുണ്ടായിരുന്ന കേൾവിശക്തിയും നഷ്ടമായേക്കാമെന്ന ഡോക്ടർമാരുടെ ഓർമ്മപ്പെടുത്തൽ ചികിത്സാവഴികളിൽനിന്ന് മാതാപിതാക്കളെ പിന്തിരിപ്പിച്ചു. മുംബെയിലെ ഹിന്ദുജ,അലി യവർ ജംഗ് ആശുപത്രികളിൽ മൂന്നരവയസുവരെ സ്പീച്ച് തെറാപ്പി നൽകിയെങ്കിലും പുരോഗതിയുണ്ടായില്ല.
വെല്ലുവിളികളെ ചിരിയോടെ നേരിടുന്ന അല്ലു നാലുവർഷം സിവിൽസർവീസ് കോച്ചിംഗ് നേടിയത് സാധാരണ കുട്ടികൾക്കൊപ്പമാണ്. നാടോടിനൃത്തം,സംഘനൃത്തം മത്സരങ്ങളിലൊക്കെ സമ്മാനങ്ങൾ നേടിയ അല്ലു നർത്തകി മേതിൽ ദേവികയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |