വർക്കല: മാരക ലഹരി മരുന്നായ എം.ഡി.എം.എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ വർക്കല പൊലീസ് പിടികൂടി. വർക്കല തോക്കാട് നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ(24), കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നു ട്രെയിൻ മാർഗം വർക്കല സ്റ്റേഷനിൽ എത്തിയ പ്രതികൾ ഇരുചക്ര വാഹനത്തിൽ കയറാൻ ശ്രമിക്കവെയാണ് പിടിയിലാകുന്നത്. മുഹ്സിനെ ദേഹപരിശോധന നടത്തിയതിൽ 28 ഗ്രാം എം.ഡി.എം.എ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കൂടുതൽ അളവിൽ ലഹരിവസ്തു പ്രതികൾ ശരീരത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധയ്ക്ക് ഹാജരാക്കി. എക്സ്റേ പരിശോധനയിൽ ലഹരിവസ്തു ശരീരത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലഹരി വസ്തു പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ കേസുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കടത്തിന്റെ പേരിൽ മറ്റ് രണ്ട് കേസുകൾ നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് ഡിവൈ. എസ്.പി പ്രദീപ് , വർക്കല ഡിവൈ. എസ്.പി ഗോപകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല എസ് .എച്ച്. ഒ പ്രവീൺ.ജെ.എസിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ റൂറൽ ഡാൻസാഫ് ടീമും എക്സൈസും സംയുക്തമായാണ് പിടികൂടിയത്. പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |