ന്യൂഡൽഹി: വിവിധ കമ്മ്യൂണിക്കേഷൻ, നിരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് യുദ്ധമുഖത്തെയും അതിർത്തിയിലെയും നീക്കങ്ങൾ കൃത്യമാക്കാനുള്ള കരസേനയുടെ ഓട്ടോമേറ്റഡ് സംവിധാനം ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം (ബി.എസ്.എസ്) പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്‌തു. കരസേനയും ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും (ബി.ഇ.എൽ) 2,402 കോടി ചെലവിൽ സംയുക്തമായി വികസിപ്പിച്ച സംവിധാനത്തിന് 'സഞ്ജയ്' എന്നാണ് പേര്. മാർച്ച്, ഒക്ടോബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി സേനാ ബ്രിഗേഡുകളിലും ഡിവിഷനുകളിലും കോർപ്സുകളിലും ബി.എസ്.എസ് വിന്യസിക്കും.
ചടങ്ങിൽ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
ബി.എസ്.എസ്
പ്രവർത്തനം
1.കരയിലേയും ആകാശത്തെയും വിവിധ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച്, ആവർത്തനം ഒഴിവാക്കി യുദ്ധക്കളത്തിന്റെ പൊതു നിരീക്ഷണ ചിത്രം കൃത്യതയോടെ നൽകും
2.ഈ വിവരങ്ങൾ ഒരു കേന്ദ്രീകൃത വെബ് ആപ്ലിക്കേഷനിലൂടെ വിവിധ കമാൻഡ്, സേനാ ആസ്ഥാനങ്ങൾ, കരസേനയുടെ 'ഡിസിഷൻ സപ്പോർട്ട് സിസ്റ്റം' എന്നിവയ്ക്ക് കൈമാറും
3.വിവരങ്ങൾ വിശകലനം ചെയ്‌ത് അതിർത്തികൾ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം തടയും. രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും സൈനിക കമാൻഡർമാർക്കും യുദ്ധ നീക്കങ്ങൾ ഏകോപിപ്പിക്കാൻ സഹായകമാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |