ന്യൂഡൽഹി: ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാകും യു.എസിൽ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരികയെന്ന് വിദേശകാര്യ മന്ത്രാലയം. നിയമവിരുദ്ധ കുടിയേറ്റത്തിന് ഇന്ത്യ എതിരാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
അമേരിക്കയിലെയും ലോകത്തെവിടെയും മതിയായ രേഖകളില്ലാതെ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ പൗരത്വ രേഖകളുടെ അടിസ്ഥാനത്തിൽ തിരിച്ചെത്തിക്കും. വിദേശത്ത് കഴിയുന്നവർ യഥാർത്ഥ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള രേഖകൾ നൽകണം. അങ്ങനെയെങ്കിൽ അവരുടെ തിരിച്ചുവരവ് സുഗമമാക്കും.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഖാലിസ്ഥാനി ഭീകരൻ പന്നൂൻ പങ്കെടുത്ത സംഭവത്തിൽ യു.എസിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
'എമർജൻസി' സിനിമ
തടഞ്ഞത് നിർഭാഗ്യകരം
ഇന്ത്യയിലെ അടിയന്തരാവസ്ഥ പ്രമേയമാക്കിയ 'എമർജൻസി' സിനിമയുടെ ലണ്ടനിലെ പ്രദർശനം ഖാലിസ്ഥാനി ഭീകര സംഘടനകൾ തടസപ്പെടുത്തിയതിനെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ ഇന്ത്യാ വിരുദ്ധ ഘടകങ്ങളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾ സംബന്ധിച്ച് യു.കെ സർക്കാരിനെ ഇന്ത്യ ആശങ്ക അറിയിച്ചുവെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ യു.കെ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ഹൈക്കമ്മിഷൻ ലണ്ടനിലെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ പതിവായി ആശയവിനിമയം നടത്തുന്നുണ്ട്.
26,27 തീയതികളിൽ നടക്കുന്ന വിദേശകാര്യ സെക്രട്ടറിയുടെ ചൈനാ സന്ദർശനത്തിൽ കൈലാസ് മാനസസരോവർ യാത്ര അടക്കം ഉഭയകക്ഷി താത്പര്യമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |