ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിക്കുന്നതിനിടെ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷാപ്രശ്നം ഉന്നയിച്ച് ആം ആദ്മി. കേജ്‌രിവാളിന് പഞ്ചാബ് പൊലീസ് നൽകിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ ഡൽഹി പൊലീസ് ഇടപെട്ട് പിൻവലിപ്പിച്ചതിനെ ആം ആദ്മി രൂക്ഷമായി വിമർശിച്ചു. കേജ്‌രിവാളിനെ വധിക്കാൻ കേന്ദ്രസർക്കാരും ഡൽഹി പൊലീസും ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചു. പഞ്ചാബ് പൊലീസിന്റെ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. കേജ്‌രിവാളിനെതിരെ ഒന്നിന് പിറകെ ഒന്നായി ആക്രമണശ്രമങ്ങളുണ്ടാകുന്നു. ബി.ജെ.പി പ്രവർത്തകരാണ് അക്രമികൾ. പൊലീസ് ഒരു നടപടിയുമെടുക്കുന്നില്ലെന്ന് അതിഷി ആരോപിച്ചു. ഡൽഹി ജനത ഇത്തരം പ്രവൃത്തികൾ ക്ഷമിക്കില്ല. 2024 ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ നാലിൽപ്പരം ആക്രമണശ്രമങ്ങളുണ്ടായത് ചൂണ്ടിക്കാട്ടി. തന്റെ സുരക്ഷ പോലും ബി.ജെ.പി രാഷ്ട്രീയവത്കരിച്ചുവെന്ന് കേജ്‌രിവാൾ പ്രതികരിച്ചു.
പൂർവ്വാഞ്ചൽ വോട്ടിൽ
നോട്ടമിട്ട് കോൺഗ്രസ്
ഡൽഹിയിലെ നിർണായക വോട്ടുബാങ്കായ പൂർവ്വാഞ്ചലികളുടെ വോട്ട് ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോൺഗ്രസ്. അധികാരത്തിലെത്തിയാൽ പ്രത്യേക വകുപ്പ് രൂപീകരിക്കും. പ്രത്യേക ബഡ്‌ജറ്റ് അവതരിപ്പിക്കും. ആം ആദ്മിയും ബി.ജെ.പിയും പൂർവ്വാഞ്ചലികളെ അവഗണിച്ചുവെന്ന് കോൺഗ്രസ് ബീഹാർ ഘടകം അദ്ധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലൂടെയും ബീഹാറിലൂടെയും കടന്നുപോകുന്ന, ഭോജ്പുരി ഭാഷ സംസാരിക്കുന്നവർ പാർക്കുന്ന മേഖലയാണ് പൂർവ്വാഞ്ചൽ. അവിടെ നിന്ന് ഡൽഹിയിലേക്ക് കുടിയേറി താമസിക്കുന്ന 35 ലക്ഷത്തിൽപ്പരം ആളുകളുടെ വോട്ട് കുറഞ്ഞത് 20 മണ്ഡലങ്ങളിൽ നിർണായകമാണ്.
പ്രത്യേക നിയമസഭാ
സിറ്രിംഗ് ആവശ്യം തള്ളി
14ൽപ്പരം സി.എ.ജി റിപ്പോർട്ടുകൾ മേശമേൽ വയ്‌ക്കാൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഉത്തരവിടണമെന്ന ബി.ജെ.പിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഏഴ് ബി.ജെ.പി എം.എൽ.എമാരാണ് ആവശ്യമുന്നയിച്ചിരുന്നത്. നിയമസഭാ സ്‌പീക്കറുടെ അധികാരമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി. 33.66 കോടി രൂപ ചെലവാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിച്ചെന്ന സി.എ.ജി കണ്ടെത്തൽ നിയമസഭാ തിരഞ്ഞടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉയർത്തുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |